വാഷിയിലെ കേരള ഹൗസ്

 
Mumbai

വാഷിയിലെ കേരള ഹൗസ് നവീകരിക്കാന്‍ 2.35 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍

6 മാസം കൊണ്ട് നവീകരണം പൂര്‍ത്തിയാക്കും

Mumbai Correspondent

നവിമുംബൈ: മുംബൈ കേരള ഹൗസിന്റെ സമഗ്ര നവീകരണത്തിനും അറ്റകുറ്റപ്പണികള്‍ക്കുമായി 2.35 കോടി രൂപ അനുവദിച്ചു. ടൂറിസം വകുപ്പിന്റെ പ്ലാന്‍ പദ്ധതികളുടെ ഭാഗമായാണ് ഈ തുക അനുവദിച്ചിരിക്കുന്നത്.

കെട്ടിടത്തിലെ ചോര്‍ച്ച പരിഹരിക്കുന്നതിനും, മൂന്നും നാലും നിലകളിലെ തകര്‍ന്ന ഇന്റീരിയറുകളുടെ പുനരുദ്ധാരണത്തിനും പുറംഭാഗത്തെ അറ്റകുറ്റപ്പണികള്‍ക്കുമായാണ് പ്രധാനമായും തുക വിനിയോഗിക്കുന്നത്. ഇതിനുപുറമെ മതില്‍, ഫയര്‍ പമ്പ് റൂം, ജനറേറ്റര്‍ റൂം എന്നിവയുടെ നവീകരണവും അനുബന്ധ ഇലക്ട്രിഫിക്കേഷന്‍, ഇലക്ട്രോണിക്‌സ് ജോലികളും ജിഎസ്ടിയും ഉള്‍പ്പെടുത്തിയാണ് ആകെ 2.35 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിരിക്കുന്നത്. സംസ്ഥാന ടൂറിസം വകുപ്പ് അഡിഷണല്‍ സെക്രട്ടറി ബിന്ദു സി. വര്‍ഗീസാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

കേരള ഹൗസിന്റെ നവീകരണ ആവശ്യകത സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി പദ്ധതിക്കായി മുന്‍കൈയെടുത്തത് മാനേജര്‍ പി. സുനില്‍ ആണ്. മുന്‍പ് കൊല്ലം ഗസ്റ്റ് ഹൗസ് മാനേജരായിരുന്ന അദ്ദേഹം ജൂലൈ ഒന്നിനാണ് മുംബൈ കേരള ഹൗസില്‍ ചുമതലയേറ്റത്. തുടര്‍ന്ന് കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ സംബന്ധിച്ച വിവരങ്ങള്‍ ടൂറിസം മന്ത്രി വിഷ്ണു നാഥിനെ നേരിട്ട് ധരിപ്പിക്കുകയും പദ്ധതിക്കായി ഇടപെടല്‍ നടത്തുകയുമായിരുന്നു. മുഖ്യമന്ത്രി വി. ഡി. സതീശന്റെയും, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറിന്റെയും പൂര്‍ണ പിന്തുണ കൂടി ലഭിച്ചതോടെയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത്തില്‍ ഭരണാനുമതിയായത്.

ആറ് മാസത്തിനുള്ളില്‍ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് കേരള ഹൗസ് പ്രവര്‍ത്തനസജ്ജമാക്കാന്‍ ശ്രമിക്കുമെന്ന് മാനേജര്‍ സുനില്‍ പറഞ്ഞു. വര്‍ഷങ്ങളായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത നിലയിലായിരുന്ന കോണ്‍ഫറന്‍സ് ഹാള്‍ നവീകരണം പൂര്‍ത്തിയാകുന്നതോടെ വിവിധ പരിപാടികള്‍ക്കായി പ്രവാസി സമൂഹത്തിന് ഉപയോഗിക്കാന്‍ സാധിക്കുമെന്നും, ഇതിലൂടെ സര്‍ക്കാരിന് കൂടുതല്‍ വരുമാനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.