ഷീസാന്‍ സിദ്ധിഖി
മുംബൈ: കൊല്ലപ്പെട്ട മുന്‍മന്ത്രി ബാബാ സിദ്ധിഖിയുടെ മകന്‍ ഷീസാന്‍ സിദ്ധിഖിക്ക് നേരെ വധഭീഷണി ലഭിച്ചതായി പരാതി. മുന്‍ എംഎല്‍എ കൂടിയായ ഷീസാന് ഡി കമ്പനിയുടെ പേരിലാണ് ഭീഷണി സന്ദേശം എത്തിയിരിക്കുന്നത്.
പിതാവ് കൊല്ലപ്പെട്ടത് പോലെ മകനും കൊല്ലപ്പെടും.10 കോടി രൂപ നല്‍കണം. ഇല്ലയെങ്കിൽ ഓരോ ആറു മണിക്കൂറിലും ഇനിയും സന്ദേശങ്ങള്‍ എത്തുമെന്നും ഭീഷണിയിലുണ്ട്. ബാന്ദ്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 12നാണ് മുന്‍മന്ത്രി ബാബാ സിദ്ധിഖി കൊല്ലപ്പെടുന്നത്. ഷീസാന്‍റെ മുംബൈ ഓഫീസില്‍ നിന്ന് പുറത്തേക്കിറങ്ങുന്നതിനിടെ അദ്ദേഹത്തിന് നേരെ തോക്കുധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയുതിര്‍ത്ത് രണ്ട് പേരെ സംഭവസ്ഥലത്ത് വച്ചും മറ്റൊരാളെ ഉത്തര്‍പ്രദേശില്‍ നിന്നും പൊലീസ് പിടി കൂടിയിരുന്നു.
ലോറന്‍സ് ബിഷ്‌ണോയ് സംഘത്തില്‍ നിന്നുള്ള ക്വട്ടേഷനാണ് കൊലപാതകത്തിന് പിന്നിലെന്നായിരുന്നു പൊലീസിന്‍റെ കണ്ടെത്തല്‍. എന്നാല്‍ വിവിധ കെട്ടിടനിര്‍മാതാക്കളെ സംശയം ഉണ്ടെന്ന് ഷിസാന്‍ മൊഴി നല്‍കിയിരുന്നു.
പ്രത്യേക കോടതിയില്‍ കഴിഞ്ഞ ദിവസം കേസില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കുകയും കോടതി ഇത് അംഗീകരിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഷീസാന് നേരെ വധഭീഷണിയുണ്ടായത്.