നവജാത ശിശുക്കൾക്ക് ആശുപത്രിയിൽ നിന്ന് മൂന്ന് ദിവസത്തിനകം ജനന സർട്ടിഫിക്കറ്റ്

 

file image

Mumbai

നവജാത ശിശുക്കൾക്ക് ആശുപത്രിയിൽ നിന്ന് മൂന്ന് ദിവസത്തിനകം ജനന സർട്ടിഫിക്കറ്റ്; മുംബൈയിൽ പുതിയ സംവിധാനം

ആശുപത്രികളിൽവച്ചുതന്നെ രജിസ്ട്രേഷൻ നടത്താനുള്ള ബിഎംസിയുടെ നിർദേശത്തിന് മഹാരാഷ്ട്ര സർക്കാർ വഴി നൽകിയ അപേക്ഷയിൽ ഇന്ത്യയുടെ രജിസ്ട്രാർ ജനറൽ അനുമതി നൽകിയതോടെയാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്

Sarath Nath MS

മുംബൈ: നവജാത ശിശുക്കൾക്ക് ജനിച്ച് മൂന്ന് ദിവസത്തിനകം ആശുപത്രികളിൽനിന്നുതന്നെ ജനന സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി). ഇതോടെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തശേഷം ജനന സർട്ടിഫിക്കറ്റിനായി നഗരസഭാ വാർഡ് ഓഫീസുകൾ കയറിയിറങ്ങേണ്ടിവരില്ല.

ജനന-മരണ രജിസ്ട്രേഷൻ നടപടികൾ വികേന്ദ്രീകരിക്കുന്നതിന്‍റെ ഭാഗമായി ബന്ധപ്പെട്ട ആശുപത്രികളിലെ ഡീൻമാർക്കും മെഡിക്കൽ സൂപ്രണ്ടുമാർക്കും രജിസ്ട്രേഷൻ ചുമതല നൽകാൻ തീരുമാനിച്ചതായി ബിഎംസി അറിയിച്ചു. ഇവരുടെ മേൽനോട്ടത്തിലായിരിക്കും നടപടികൾ.

രജിസ്ട്രേഷൻ പൂർത്തിയായി മൂന്ന് ദിവസത്തിനകം ജനന സർട്ടിഫിക്കറ്റ് ലഭ്യമാക്കും. ആശുപത്രികളിൽവച്ചുതന്നെ രജിസ്ട്രേഷൻ നടത്താനുള്ള ബിഎംസിയുടെ നിർദേശത്തിന് മഹാരാഷ്ട്ര സർക്കാർ വഴി നൽകിയ അപേക്ഷയിൽ ഇന്ത്യയുടെ രജിസ്ട്രാർ ജനറൽ അനുമതി നൽകിയതോടെയാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്.

കെഇഎം ആശുപത്രി, ബിവൈഎൽ നായർ ആശുപത്രി, ലോകമാന്യ തിലക് മുനിസിപ്പൽ ജനറൽ ആശുപത്രി, ആർഎൻ കൂപ്പർ ആശുപത്രി എന്നിവയുൾപ്പെടെ നാല് പ്രധാന നഗരസഭാ ആശുപത്രികളിലും 16 സബർബൻ ആശുപത്രികളിലും ഈ സൗകര്യം ലഭ്യമാകും.

ജനന-മരണ രജിസ്ട്രേഷനുള്ള ലോഗിൻ ഐഡികൾ ആശുപത്രികൾക്ക് നൽകിയിട്ടുണ്ടെന്ന് അഡിഷണൽ മുനിസിപ്പൽ കമ്മിഷണർ പ്രാജക്ത ലവൻഗാരെ വർമ പറഞ്ഞു. ഇതോടെ നടപടികൾ കൂടുതൽ വേഗത്തിലും സൗകര്യപ്രദമായും പൂർത്തിയാക്കാനാകുമെന്നും അവർ വ്യക്തമാക്കി.