ലോക ഹിന്ദു കോണ്‍ഗ്രസ് മുംബൈയില്‍

 
Mumbai

ലോക ഹിന്ദു കോണ്‍ഗ്രസ് മുംബൈയില്‍

ഡിസംബര്‍ 18 മുതലാണ് സമ്മേളനം

Mumbai Correspondent

മുംബൈ: ലോക ഹിന്ദു സമ്മേളനം ഡിസംബര്‍ 18 മുതല്‍ 20 വരെ മുംബൈ ബികെസിയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. ഉദ്ഘാടന സമ്മേളനത്തില്‍ ആർഎസ്എസ് മേധാവി മോഹന്‍ ഭാഗവത് സംസാരിക്കും.

60ലേറെ രാജ്യങ്ങളില്‍നിന്നായി 4,000ത്തിലേറെ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ഹിന്ദു നേതാക്കള്‍, ചിന്തകര്‍, വിവിധ മേഖലകളിലെ പ്രഫഷണലുകള്‍, സംഘടനാ പ്രതിനിധികള്‍ എന്നിവരുടെ ആഗോള സംഗമമായിരിക്കും ലോക ഹിന്ദു കോണ്‍ഗ്രസ്. 45ലേറെ സെഷനുകളിലായി 150ലേറെ പ്രഭാഷകര്‍ പങ്കെടുക്കും. സമ്പദ്വ്യവസ്ഥ, രാഷ്ട്രീയം, വിദ്യാഭ്യാസം, യുവജനങ്ങള്‍, ഹിന്ദു സംഘടനകള്‍, വനിതകള്‍, മാധ്യമം തുടങ്ങിയ മേഖലകളിലെ പ്രമുഖരും വിദഗ്ധരും പങ്കെടുക്കും.

സമ്മേളനത്തിന്റെ ഭാഗമായി വ്യാപാര-വാണിജ്യ രംഗത്തെ പ്രോത്സാഹിപ്പിക്കുകയും സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിടുകയും ചെയ്യുന്ന വേള്‍ഡ് ഹിന്ദു എക്‌സ്‌പോയും സംഘടിപ്പിക്കും.

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ, മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ്, എഴുത്തുകാരനും സംവിധായകനുമായ വിശാല്‍ ചതുര്‍വേദി, ഗാനരചയിതാവും തിരക്കഥാകൃത്തും കവിയുമായ മനോജ് മുന്താഷിര്‍, എന്‍എസ്ഇ മാനേജിങ് ഡയറക്റ്ററും സിഇഒയുമായ ആശിഷ്‌കുമാര്‍ ചൗഹാന്‍, ബിഎംസി മുനിസിപ്പല്‍ കമ്മിഷണറും മുംബൈ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്റ്ററുമായ അശ്വിനി ഭിഡെ തുടങ്ങിയവര്‍ സംസാരിക്കും.

2014ല്‍ ന്യൂഡല്‍ഹിയിലും 2018ല്‍ ഷിക്കാഗോയിലും 2023ല്‍ ബാങ്കോക്കിലുമാണ് ലോക ഹിന്ദു കോണ്‍ഗ്രസിന്റെ മുന്‍ പതിപ്പുകള്‍ നടന്നത്.