നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് പ്രീമിയം കുറയ്ക്കുമെന്ന് മുഖ്യമന്ത്രി
NORKA ROOTS
മുംബൈ: നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പ്രീമിയം വര്‍ധിപ്പിച്ച നടപടിക്കെതിരേ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്കിടെ പ്രവാസികള്‍ക്ക് ആശ്വാസം പകരുന്ന ഉറപ്പുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. പ്രഖ്യാപിച്ച പുതിയ പ്രീമിയം നിരക്ക് കുറച്ച് അടിസ്ഥാന നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് പദ്ധതി എല്ലാവര്‍ക്കും താങ്ങാവുന്നതും പ്രായോഗികവുമാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി പരാതിയുമായി മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച പ്രതിനിധി സംഘം അറിയിച്ചു.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയിലാണ് നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധനയെക്കുറിച്ചുള്ള ആശങ്കകളും പരാതികളും കെയര്‍ ഫോര്‍ മുംബൈയുടെ പ്രതിനിധി സംഘം അവതരിപ്പിച്ചത്. വിഷയത്തില്‍ വിശദമായ ചര്‍ച്ച നടത്തിയ സംഘം, പ്രീമിയം നിരക്ക് കുറച്ച് പദ്ധതി സാധാരണ പ്രവാസികള്‍ക്ക് താങ്ങാവുന്ന രീതിയില്‍ പുനഃക്രമീകരിക്കണമെന്ന നിര്‍ദേശവും മുന്നോട്ടുവച്ചു.
പ്രവാസി മലയാളികള്‍ക്ക് സാമ്പത്തിക ബാധ്യതയാകാത്ത വിധത്തില്‍ അടിസ്ഥാന ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുന്നതിനുള്ള നിര്‍ദേശങ്ങളും മുഖ്യമന്ത്രിക്ക് മുന്നില്‍ സമര്‍പ്പിച്ചു. കെയര്‍ ഫോര്‍ മുംബൈ പ്രസിഡന്‍റ് എം.കെ. നവാസ്, ജനറല്‍ സെക്രട്ടറി പ്രിയ വര്‍ഗീസ്, ട്രഷറര്‍ പ്രേംലാല്‍, ട്രസ്റ്റികളായ തോമസ് ഓലിക്കല്‍, മെറിഡിയന്‍ വിജയന്‍ എന്നിവരടങ്ങുന്ന സംഘമാണ് മുഖ്യമന്ത്രി വി.ഡി. സതീശനെ കണ്ട് ചര്‍ച്ച നടത്തിയത്. അഡ്വ. ഹാരിസ് ബീരാന്‍ എം പിയും ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതിനിധി സംഘത്തിന്‍റെ പരാതികളും നിര്‍ദേശങ്ങളും ശ്രദ്ധാപൂര്‍വം ശ്രവിച്ച മുഖ്യമന്ത്രി വിഷയം വിശദമായി പരിശോധിക്കുമെന്ന് ഉറപ്പുനല്‍കിയതായി എം.കെ. നവാസ് പറഞ്ഞു. വര്‍ധിപ്പിച്ച പ്രീമിയം നിരക്ക് കുറയ്ക്കുന്നതിനും സാധാരണ പ്രവാസികള്‍ക്ക് സാമ്പത്തികമായി താങ്ങാനാകുന്ന വിധത്തില്‍ അടിസ്ഥാന ഇന്‍ഷുറന്‍സ് പരിരക്ഷ പുനഃക്രമീകരിക്കുന്നതിനുമുള്ള നടപടികള്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി പ്രിയ വര്‍ഗീസും വ്യക്തമാക്കി.