3000 ഫ്‌ലാറ്റുകളുടെ ഭവനപദ്ധതിയുമായി സിഡ്‌കോ

 
Mumbai

3000 ഫ്‌ലാറ്റുകളുടെ ഭവനപദ്ധതിയുമായി സിഡ്‌കോ

ഇതില്‍ 500 വീടുകള്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്

Mumbai Correspondent

നവിമുംബൈ: ഖാര്‍ഘര്‍, തലോജ, കലംബോലി, ദ്രോണഗിരി എന്നിവിടങ്ങളിലായി സിഡ്കോ 3000 ഫ്‌ലാറ്റുകളുടെ ഭവനപദ്ധതി ആരംഭിച്ചു. ഇതില്‍ 500 വീടുകള്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും 2,500 വീടുകള്‍ ഇതര വിഭാഗങ്ങള്‍ക്കുമാണ്. നേരത്തെയുള്ള ലോട്ടറി സംവിധാനത്തിനുപകരം ആദ്യം രജിസ്റ്റര്‍ ചെയ്ത് ലഭ്യമായ ഫ്‌ലാറ്റ് തെരഞ്ഞെടുക്കുന്ന രീതിയാണ് നടപ്പാക്കുന്നത്.

അപേക്ഷകര്‍ക്ക് ലഭ്യമായ ഫ്‌ലാറ്റുകളില്‍ നിന്ന് തങ്ങളുടെ ഇഷ്ടപ്രകാരമുള്ള വീട് നേരിട്ട് തെരഞ്ഞെടുക്കാനും രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാനും കഴിയും. എന്നാല്‍ ഫ്‌ലാറ്റുകളുടെ ലഭ്യത അനുസരിച്ചായിരിക്കും തെരഞ്ഞെടുപ്പ്.

തലോജയിലും ദ്രോണഗിരിയിലുമുള്ള ഫ്‌ലാറ്റുകളുടെ വില 2022-23 സാമ്പത്തികവര്‍ഷത്തില്‍ ബാധകമായ നിരക്കുകള്‍ അടിസ്ഥാനമാക്കിയാണ് നിശ്ചയിച്ചിരിക്കുന്നതെന്ന് സിഡ്കോ വ്യക്തമാക്കിയിട്ടുണ്ട്. ഓരോ ഫ്‌ലാറ്റിന്റെയും കൃത്യമായ വില, കാര്‍പെറ്റ് ഏരിയ, ഓരോ നോഡിലുമുള്ള ഫ്‌ലാറ്റുകളുടെ എണ്ണം, കൈമാറ്റത്തീയതി തുടങ്ങിയ വിശദാംശങ്ങള്‍ സിഡ്കോ വ്യക്തമാക്കിയിട്ടില്ല.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗത്തില്‍പ്പെടുന്ന അപേക്ഷകര്‍ പ്രധാനമന്ത്രി ആവാസ് യോജന പ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയാക്കണം. ഇതിനായി കേന്ദ്രസര്‍ക്കാരിന്റെ പി.എം.എ.വൈ. വെബ്സൈറ്റില്‍ തങ്ങളുടെ പേര് ഗുണഭോക്താവായി രജിസ്റ്റര്‍ ചെയ്യണം.