മെട്രൊ സ്റ്റേഷനുകളുടെ പേരിടാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സമിതി
മുംബൈ: മഹാരാഷ്ട്രയിലെ മുംബൈ, പൂനെ, നാഗ്പുർ മെട്രൊ മേഖലകളിലെ സ്റ്റേഷനുകൾക്ക് പേരിടാനും നിലവിലുള്ള പേരുകൾ മാറ്റുന്നതുമായി ബന്ധപ്പെട്ട ശുപാർശകൾ സമർപ്പിക്കാനും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിൽ ആറംഗ സമിതിക്ക് രൂപം നൽകി. കേന്ദ്ര സർക്കാരിന് ശുപാർശകൾ സമർപ്പിക്കുകയാണ് സമിതിയുടെ ചുമതല.
നവംബർ 18ന് നഗരവികസന വകുപ്പ് പുറത്തിറക്കിയ ഉത്തരവിലാണ് ഇതുസംബന്ധിച്ച നിർദേശം. ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയാണ് സമിതിയുടെ സഹ അധ്യക്ഷൻ. ബന്ധപ്പെട്ട പ്രദേശത്തെ ലോക്സഭാ എംപി, എംഎൽഎ, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ മേയർ അല്ലെങ്കിൽ അധ്യക്ഷൻ എന്നിവരും സമിതിയിൽ അംഗങ്ങളായിരിക്കും. മെട്രൊ പദ്ധതി നടപ്പാക്കുന്ന ഏജൻസിയുടെ ഭരണവിഭാഗം മേധാവി സമിതിയുടെ മെംബർ സെക്രട്ടറിയായി പ്രവർത്തിക്കും.
കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയം 2026 മാർച്ചിൽ വിജ്ഞാപനം ചെയ്ത മെട്രൊ റെയ്ൽ സ്റ്റേഷനുകളുടെ പേരിടൽ, പുനർനാമകരണം ചട്ടപ്രകാരമാണ് സമിതി പ്രവർത്തിക്കുക.
പേരുകൾ നിർദേശിക്കുമ്പോൾ പ്രദേശത്തിന്റെ സാംസ്കാരിക പൈതൃകം, ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ പ്രാധാന്യം, പ്രാദേശിക ജനവികാരം, പേരുകളുടെ ഉച്ചാരണത്തിലെ ലാളിത്യം, പ്രദേശത്തിന്റെ വ്യക്തിത്വവുമായുള്ള ബന്ധം തുടങ്ങിയ കാര്യങ്ങൾ പരിഗണിക്കണം.
മെട്രൊ അധികൃതർക്ക് ലഭിക്കുന്ന പേരുമാറ്റത്തിനുള്ള അപേക്ഷകളും നിർദേശങ്ങളും ആദ്യം പരിശോധിച്ച് വിശദമായ ശുപാർശകൾ സംസ്ഥാന സർക്കാരിന് സമർപ്പിക്കും. തുടർന്ന് നഗരവികസന വകുപ്പ് ഇവ സമിതിയുടെ പരിഗണനയ്ക്ക് നൽകും. സമിതിയുടെ ശുപാർശകൾ കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തിനായി കൈമാറും.