മുംബൈ: ട്രെയിൻ യാത്രക്കിടയിൽ അബോധാവസ്ഥയിലായ യുവാവിനെ രത്നഗിരിയിൽ ഇറക്കി ചികിത്സ നല്‍കിയ ശേഷം ആംബുലൻസിൽ കേരളത്തിലേക്ക് അയച്ചു.എറണാകുളം തട്ടേക്കാട് സ്വദേശിയും രാജസ്ഥാനിലെ ജയ്പ്പൂർ ഖാത്തിപ്പുര അയ്യപ്പക്ഷേത്രത്തിലെ താത്കാലിക ജീവനക്കാരനുമായ ശ്യാം ലാലാണ് (37) നാട്ടിലേക്കുളള യാത്രയ്ക്കിടയിൽ അബോധാവസ്ഥയിലായത്. മരുസാഗർ സൂപ്പർ ഫാസ്റ്റിൽ സഞ്ചരിച്ചിരുന്ന ശ്യാം ലാൽ ശനിയാഴ്ച രാവിലെ 10 മണിയോടെ കൊങ്കൺ മേഖലയിലെ ഖേഡ് റെയിൽവെ സ്റ്റേഷനടുത്തു വെച്ച് അബോധാവസ്ഥയിലായി.
സഹയാത്രികനും സൂറത്ത് നിവാസിയും എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥിയുമായ അനുഭവ് മോഹൻദാസ് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം സൂറത്ത് മലയാളി സമാജം പ്രസിഡന്‍റായ സുനിൽ നമ്പ്യാരെ വിളിച്ച് അറിയിക്കുകയായിരുന്നു. സമാജം പ്രസിഡന്‍റ് ഉടനെ ഈ വിഷയം ഫെയ്മ മഹാരാഷ്ട്ര(FAIMA Maharashtra ) യാത്രാസഹായ വേദിയിൽ അവതരിപ്പിച്ചിരുന്നു.
തുടർന്ന് ഗ്രൂപ്പംഗങ്ങളായ രത്നഗിരിയിലെ സാമൂഹിക ജീവകാരുണ്യ പ്രവർത്തകർ ആംബുലൻസുമായി റെയിൽവേ സ്റ്റേഷനിൽ എത്തി രോഗിയെ ഏറ്റുവാങ്ങി രത്നഗിരി സിവിൽ ആശുപത്രിയിലെത്തിച്ച് ചികിത്സകൾ ലഭ്യമാക്കി. ഞായറാഴ്ച രാത്രി മുതൽ ശ്യാം ലാൽ ഐസിയുവിലായിരുന്നു.
ശ്യാം ലാലിന്‍റെ കുടുംബാംഗങ്ങളെ വിവരം ധരിപ്പിച്ചിരുന്നു. ഫെയ്മ മഹാരാഷ്ട്ര(FAIMA Maharashtra )യാത്രാസഹായ വേദി അംഗങ്ങൾ നാട്ടിലെ ഗ്രാമ പഞ്ചായത്തംഗം മുതൽ എംഎൽഎ, എംപി എന്നിവരെയും വിനോദ് നാരായണൻ തുടങ്ങിയ സാമൂഹിക ജീവകാരുണ്യ പ്രവർത്തകരേയും വിവരം അറിയിച്ചിരുന്നു. അതേ തുടർന്ന് പിതാവും സാമൂഹിക പ്രവര്‍ത്തകനായ ടി.ടി ശിവൻ തിങ്കളാഴ്ച രാവിലെ 11 മണിക്ക് രത്നഗിരിയിൽ എത്തി. വിദഗ്‌ധ ചികിത്സക്കായി രോഗിയെ കേരളത്തിലേക്ക് കൊണ്ടു പോകണം എന്ന് പിതാവ് ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും സാമ്പത്തികപ്രശ്നം ഒരു ചോദ്യ ചിഹ്നമായി മാറി
നാട്ടിലെ സാമൂഹിക ജീവകാരുണ്യ പ്രവർത്തകനായ വിനോദ് നാരായണനും ഗ്രാമ പഞ്ചായത്തംഗമായ ആലീസ് സിബി മാഡം തുടങ്ങിയവരുടെ സമയോചിതമായ ഇടപെടലിലൂടെയാണ് സാമ്പത്തിക പ്രശ്നം പരിഹരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് 06.30ന് ശ്യാം ലാലിനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് ആംബുലൻസ് മാർഗ്ഗം സ്വദേശമായ എറണാകുളം തട്ടേക്കാടിലേക്ക് കൊണ്ടു പോയി.
ശ്യാം ലാലിന് ചികിത്സ ലഭ്യമാക്കാനും നാട്ടിലെത്തിക്കാനും സഹായിച്ച അനുഭവ് മോഹൻദാസ്, സൂറത്ത് മലയാളിസമാജം പ്രസിഡന്റ് സുനിൽ നമ്പ്യാർ, ജയ്പ്പൂർ ഖാത്തിപ്പുര അയ്യപ്പ ക്ഷേത്ര ഭരണസമിതി, ആൾ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്മ) രാജസ്ഥാൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ അനിൽ കുമാർ, നാട്ടിലെ സാമൂഹിക ജീവകാരുണ്യ പ്രവർത്തകരായ വിനോദ് നാരായൺ, ടി.ടി.ശിവൻ, ഷിബു തെക്കുംപുറം, ഗ്രാമ പഞ്ചായത്തംഗം ആലീസ് സിബി, ബ്ലോക് പഞ്ചായത്തംഗം കെ.കെ. ഗോപി, കോതമംഗലം എംഎൽഎ ആൻറ്റണി ജോൺ, ഇടുക്കി എംപി ഡീൻ കുര്യാക്കോസ് , മറ്റ് വിവിധ സംസ്ഥാനങ്ങളിലെ മലയാളി സമാജങ്ങൾ,യാത്രാസഹായവേദി അംഗങ്ങൾ എന്നിവരോട് നന്ദി അറിയിക്കുന്നതായി ഫെയ്മ മഹാരാഷ്ട്ര (FAIMA Maharashtra)യാത്രാ സഹായവേദി അറിയിച്ചു.