മുംബൈയില്‍ ഭൂഗര്‍ഭ റോഡ് ശൃംഖല ഒരുക്കാന്‍ സര്‍ക്കാര്‍

 
Mumbai

മുംബൈയില്‍ ഭൂഗര്‍ഭ റോഡ് ശൃംഖല ഒരുക്കാന്‍ സര്‍ക്കാര്‍; 53,928 കോടിയുടെ പദ്ധതിക്ക് പച്ചക്കൊടി

തുരങ്കപാതയിലൂടെ മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാം

Mumbai Correspondent

മുംബൈ: രാജ്യത്തിന്‍റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമെന്ന നിലയില്‍ ഭൂഗര്‍ഭ റോഡ് നിര്‍മിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. 53,928.2 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അംഗീകാരം നല്‍കി. 'പാതാള്‍ ലോക്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ പദ്ധതിയുടെ രൂപരേഖ തയാറാക്കി നല്‍കിയിരിക്കുന്നത് എംഎംആര്‍ഡിഎ ആണ്. നിലവില്‍ തിരക്കേറിയ സമയങ്ങളില്‍ മുംബൈയിലെ റോഡുകളില്‍ വാഹനങ്ങളുടെ ശരാശരി വേഗത മണിക്കൂറില്‍ 15 മുതല്‍ 20 കിലോമീറ്റര്‍ വരെയാണ്.

എന്നാല്‍ പുതിയ ഭൂഗര്‍ഭ തുരങ്കപാത യാഥാര്‍ത്ഥ്യമാകുന്നതോടെ മണിക്കൂറില്‍ 80 കിലോമീറ്റര്‍ വരെ വേഗതയില്‍ വാഹനങ്ങള്‍ക്ക് സഞ്ചരിക്കാനാകും. ഒരു ദിശയില്‍ 30.87 കിലോമീറ്റര്‍ വീതം ഇരുദിശകളിലുമായി ഏകദേശം 61.74 കിലോമീറ്റര്‍ നീളത്തിലാണ് തുരങ്കങ്ങള്‍ നിര്‍മിക്കാനാണ് പദ്ധതി. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് പ്രവേശിക്കുന്നതിനും പുറത്തുകടക്കുന്നതിനുമായി ഒന്‍പത് എന്‍ട്രി-എക്‌സിറ്റ് പോയിന്‍റുകളും ഒരുക്കും.

നഗരത്തിലെ പ്രധാന വാണിജ്യ-ഗതാഗത കേന്ദ്രങ്ങളെയെല്ലാം ഭൂമിക്കടിയിലൂടെ പരസ്പരം ബന്ധിപ്പിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ബാന്ദ്ര-വര്‍ളി സീ ലിങ്ക്, തീരദേശറോഡ്, ബാന്ദ്ര-കുര്‍ള കോംപ്ലക്‌സ് , നിര്‍മ്മാണത്തിലിരിക്കുന്ന ബികെസി ബുള്ളറ്റ് ട്രെയിന്‍ ടെര്‍മിനല്‍, ധാരാവി, ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം (ടെര്‍മിനല്‍ 2), വെസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേ , ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേ ,എന്നിവയെല്ലാം ഈ തുരങ്കപാതയിലൂടെ ബന്ധിപ്പിക്കപ്പെടും. രണ്ട് ഘട്ടങ്ങളായാണ് ഭൂഗര്‍ഭ റോഡ് ശൃംഖലയുടെ നിര്‍മാണം പൂര്‍ത്തിയാക്കുക. ആദ്യഘട്ടത്തില്‍ പടിഞ്ഞാറന്‍-മധ്യ മുംബൈ മേഖലകളെയാണ് ബന്ധിപ്പിക്കുന്നത്.

ബികെസിക്കും ധാരാവിക്കും ഇടയിലുള്ള മിഠി നദിക്ക് അടിയിലൂടെയാകും പ്രധാന തുരങ്കം കടന്നുപോകുക. ഇവിടെ നിന്ന് നാല് ദിശകളിലേക്ക് തിരിയുന്ന പാതകള്‍ ബാന്ദ്ര-വര്‍ളി കടല്‍പ്പാലം, തീരദേശ റോഡ്, ബികെസി, ധാരാവി എന്നിവയെയും ബാന്ദ്ര ഈസ്റ്റ്, വകോല, വിലെ പാര്‍ലെ വഴി വിമാനത്താവളത്തെയും ചുനാഭട്ടി വഴി ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയെയും ബന്ധിപ്പിക്കും. അടുത്ത ഘട്ടത്തില്‍ നഗരത്തിന്‍റെ കിഴക്കന്‍ ഭാഗങ്ങളിലേക്കാണ് നീളുന്നത്. അസല്‍ഫ, സാക്കിനാക്ക എന്നീ പ്രദേശങ്ങള്‍ക്ക് അടിയിലൂടെ കടന്നുപോകുന്ന തുരങ്കം ഘാട്കോപ്പറില്‍ വെച്ച് ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയുമായി ചേരും. പദ്ധതിക്ക് വേണ്ടിയുള്ള രൂപരേഖ തയാറാക്കാന്‍ ഉടന്‍ തന്നെ കണ്‍സല്‍ട്ടന്റിനെ നിയോഗിച്ചേക്കും.