ലോഗോ ഡിസൈനിങ് മത്സരം സംഘടിപ്പിക്കുന്നു

 
Mumbai

ലോഗോ ഡിസൈനിങ് മത്സരം സംഘടിപ്പിക്കുന്നു

മത്സരത്തില്‍ പങ്കെടുക്കാന്‍ പ്രായപരിധിയില്ല

Mumbai Correspondent

മുംബൈ: മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ പതിനഞ്ചാം മലയാളോത്സവത്തോട് അനുബന്ധിച്ച് ലോഗോ ഡിസൈനിങ് മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തില്‍ പങ്കെടുക്കാന്‍ പ്രായപരിധിയില്ല. ഏത് പ്രായത്തിലുള്ളവര്‍ക്കും പങ്കെടുക്കാവുന്ന തരത്തില്‍ ഒറ്റ വിഭാഗത്തിലാണ് മത്സരം നടക്കുക.

ലോഗോ തയ്യാറാക്കുമ്പോള്‍ മലയാളോത്സവം 15 വര്‍ഷം, മലയാളോത്സവത്തിലെ മത്സര ഇനങ്ങള്‍, മലയാള ഭാഷ, ജനകീയ കൂട്ടായ്മ എന്നീ ആശയങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. ഡിസൈന്‍ അര്‍ത്ഥപൂര്‍ണ്ണവും ആകര്‍ഷകവുമായിരിക്കണം. ഡിജിറ്റല്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ലോഗോ തയ്യാറാക്കാവുന്നതാണ്.

മത്സരാര്‍ത്ഥികള്‍ തങ്ങളുടെ സൃഷ്ടികള്‍ ഒക്റ്റോബർ 25ന് മുമ്പായി mumbaimalayalam@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയക്കേണ്ടതാണ്. പങ്കാളിയുടെ പേര്, വയസ്, സ്ഥലം എന്നിവ ഇമെയിലില്‍ വ്യക്തമായി രേഖപ്പെടുത്തണം. എന്നാല്‍, ലോഗോയിലോ രചനയിലോ പേര്, മറ്റ് വിവരങ്ങള്‍, ഒപ്പ് എന്നിവ ഒരിടത്തും രേഖപ്പെടുത്താന്‍ പാടില്ല.

മറ്റേതെങ്കിലും സംഘടനയുടെയോ സ്ഥാപനത്തിന്‍റെയോ ലോഗോയുമായി സാമ്യമുള്ളതാകരുത്. ലോഗോയുടെ പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ മലയാള ഭാഷാ പ്രചാരണ സംഘത്തിനോ ഭാരവാഹികള്‍ക്കോ ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതല്ല. തെരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടികള്‍ മലയാളോത്സവ വേദികളില്‍ ഉപയോഗിക്കാന്‍ സംഘത്തിന് അധികാരമുണ്ടായിരിക്കും. വിജയികളെ തെരഞ്ഞെടുക്കുന്നതില്‍ ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റീന സന്തോഷ് (ജനറല്‍ സെക്രട്ടറി), ഫോണ്‍: 9892690978.