12 വയസില്‍ താഴെയുള്ള കുട്ടികള്‍ ഒറ്റയ്ക്ക് ലിഫ്റ്റ് ഉപയോഗിക്കരുതെന്ന് നിയമം
മുംബൈ: മഹാരാഷ്ട്രയിൽ ലിഫ്റ്റുകള്‍, എസ്‌കലേറ്ററുകള്‍, മൂവിങ് വോക്ക്വേകള്‍ എന്നിവയുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി സംസ്ഥാന സര്‍ക്കാര്‍. പുതിയ ചട്ടപ്രകാരം 12 വയസില്‍ താഴെയുള്ള കുട്ടികള്‍ മാതാപിതാക്കളോ മുതിര്‍ന്നവരോ ഒപ്പമില്ലാതെ ലിഫ്റ്റുകളോ എസ്‌കലേറ്ററുകളോ മൂവിങ് വോക്ക്വേകളോ ഉപയോഗിക്കാന്‍ പാടില്ല.
മഹാരാഷ്ട്ര ലിഫ്റ്റ്‌സ്, എസ്‌കലേറ്റേഴ്‌സ് ആന്‍ഡ് മൂവിങ് വോക്ക്‌സ് റൂള്‍സ് 2026 പ്രകാരമാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പാര്‍പ്പിട സമുച്ചയങ്ങള്‍, ഷോപ്പിങ് മാളുകള്‍, ഓഫീസ് കെട്ടിടങ്ങള്‍, വാണിജ്യ സമുച്ചയങ്ങള്‍ എന്നിവിടങ്ങളിലെ അപകടങ്ങള്‍ ഒഴിവാക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനുമാണ് ഈ നടപടി. ലിഫ്റ്റുകളുടെ അറ്റകുറ്റപ്പണികളുടെയും സുരക്ഷയുടെയും കാര്യത്തില്‍ ഹൗസിങ് സൊസൈറ്റികള്‍ക്കും കെട്ടിട ഉടമകള്‍ക്കും കൂടുതല്‍ ഉത്തരവാദിത്തം നല്‍കുന്നതാണ് പുതിയ നിയമം.
പുതുതായി സ്ഥാപിക്കുന്ന എല്ലാ ലിഫ്റ്റുകളിലും സിസിടിവി ക്യാമറകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. നിലവിലുള്ള ലിഫ്റ്റുകളില്‍ സിസിടിവി ക്യാമറകള്‍, ഓട്ടോമാറ്റിക് റെസ്‌ക്യൂ ഡിവൈസ്, ഓവര്‍ലോഡ് പ്രൊട്ടക്ഷന്‍ ഡിവൈസ് എന്നീ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലെങ്കില്‍ 2027 ഒക്ടോബര്‍ 28-നകം അവ നിര്‍ബന്ധമായും സ്ഥാപിച്ചിരിക്കണം. അടിയന്തര സാഹചര്യങ്ങളില്‍ വേഗത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്താനും സാങ്കേതിക തകരാറുകളോ അമിതഭാരമോ മൂലമുണ്ടാകുന്ന അപകടങ്ങള്‍ തടയാനുമാണ് ഈ ക്രമീകരണം.