ഗണപതി പന്തലില്‍ വൈദ്യുതാഘാതം
മുംബൈ: ഗണേശോത്സവത്തിനിടെ മുംബൈയിലെ കാളാചൗക്കിയില്‍ ഗണപതി പന്തലിന് സമീപമുണ്ടായ വൈദ്യുതാഘാതത്തില്‍ എട്ടുവയസ്സുകാരിയടക്കം രണ്ട് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ 12 വയസ്സുകാരിയുടെ നില ഗുരുതരമാണ്.
ദത്താറാം ലാഡ് മാര്‍ഗിലെ കാളാചൗക്കി വിഭാഗ് സാര്‍വജനിക് ഉത്സവ് മണ്ഡലിന്റെ ഗണപതി പന്തലിന് സമീപം ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്. പന്തലിന്റെ പ്രവേശന കവാടത്തിന് സമീപത്തെ താല്‍ക്കാലിക സംവിധാനത്തിലുണ്ടായ വൈദ്യുത ചോര്‍ച്ചയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
അപകടവിവരം പുലര്‍ച്ചെ 2.42ഓടെ മുംബൈ ഫയര്‍ ബ്രിഗേഡിന് ലഭിച്ചു. അഗ്‌നിശമനസേനയും പൊലീസും നഗരസഭാ അധികൃതരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. വൈദ്യുതി ബന്ധം വിച്ഛേദിച്ചശേഷമാണ് രക്ഷാപ്രവര്‍ത്തനം മുന്നോട്ടുപോയത്.
പരിക്കേറ്റവരെ ഭായ്ഖലയിലെ മസീന ആശുപത്രിയിലും പരേലിലെ ഗ്ലോബല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മസീന ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എട്ടുവയസ്സുകാരി രാഘ്‌നി ഘന്‍ശ്യാം യാദവ് മരിച്ചു. 12 വയസ്സുകാരി ഉള്‍പ്പെടെ മറ്റ് പരിക്കേറ്റവര്‍ ചികിത്സയിലാണ്.
ഗ്ലോബല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒരു സ്ത്രീയും പിന്നീട് മരിച്ചു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. മരിച്ച രണ്ടാമത്തെ സ്ത്രീയുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല
ഗണേശോത്സവത്തിന്റെ ഭാഗമായി വന്‍ ജനത്തിരക്ക് അനുഭവപ്പെടുന്ന കാളാചൗക്കിലാല്‍ബാഗ് മേഖലയില്‍ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് അപകടം ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. പന്തലിലെയും സമീപപ്രദേശങ്ങളിലെയും വൈദ്യുതി സംവിധാനങ്ങള്‍ അധികൃതര്‍ പരിശോധിച്ചു. വൈദ്യുത ചോര്‍ച്ച എങ്ങനെ സംഭവിച്ചുവെന്നും സുരക്ഷാ ക്രമീകരണങ്ങളില്‍ വീഴ്ചയുണ്ടായിരുന്നോയെന്നും കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണ്. പൊലീസ് സ്വമേധയാ കേസെടുത്തു.