ദിഷ സാലിയൻ, ആദിത്യ താക്കറെ
മുംബൈ: സെലിബ്രിറ്റി മാനേജരായിരുന്ന ദിഷ സാലിയന്‍റെ മരണവുമായി ബന്ധപ്പെട്ട് പിതാവ് സതീഷ് സാലിയന് മറുപടിയുമായി എംഎല്‍എയും ശിവസേന നേതാവുമായ ആദിത്യ താക്കറെ രംഗത്തെത്തി. 500 കോടി രൂപയുടെ മാനനഷ്ട കേസ് നല്‍കിയതിന് പിന്നാലെയാണ് പ്രതികരണം. ആരോപണങ്ങള്‍ നിഷേധിക്കുന്നതോ കേസില്‍ നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെടുന്നതോ മാനനഷ്ടമാകില്ലെന്ന് ആദിത്യ താക്കറെ വ്യക്തമാക്കി.
ദിഷയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെടുന്ന തന്‍റെ ശ്രമങ്ങളെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി ആദിത്യ താക്കറെ അപമാനിച്ചുവെന്നായിരുന്നു സതീഷ് സാലിയന്‍റെ ആരോപണം. എന്നാല്‍, തന്‍റെ പോസ്റ്റുകളില്‍ സതീഷിന്‍റെ പേര് പരാമര്‍ശിച്ചിട്ടില്ലെന്നും ദിഷ സാലിയനുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ആദിത്യ താക്കറെ പറഞ്ഞു.
തെളിവുകളില്ലാതെ കഴിഞ്ഞ ആറു വര്‍ഷമായി തന്‍റെ പേര് കേസിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും, മകളുടെ മരണശേഷം സതീഷ് സാലിയന്‍ നടത്തുന്ന പ്രസ്താവനകളില്‍ പരസ്പരവൈരുധ്യമുണ്ടെന്നും ആദിത്യ താക്കറെ കൂട്ടിച്ചേര്‍ത്തു.