മലയാളി രത്‌ന പുരസ്‌കാരം പ്രഖ്യാപിച്ചു

 
Mumbai

തനിമ സാംസ്‌കാരിക വേദി മലയാളി രത്‌ന പുരസ്‌കാരം പ്രഖ്യാപിച്ചു

കാരുണ്യ രത്‌ന പുരസ്‌കാരം എംകെ നവാസിന്

Mumbai Correspondent

മുംബൈ: മഹാരാഷ്ട്രയിലെ പ്രവാസി മലയാളികളുടെ വിവിധ മേഖലകളിലെ സംഭാവനകളെ ആദരിക്കുന്നതിനായി തനിമ സാംസ്‌കാരിക വേദി ട്രസ്റ്റ് ഏര്‍പ്പെടുത്തിയ 'പ്രവാസി മലയാളി രത്‌ന പുരസ്‌കാരം 2026' പ്രഖ്യാപിച്ചു. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച എട്ട് മലയാളികളെയാണ് ഇത്തവണ പുരസ്‌കാരങ്ങള്‍ക്ക് തിരഞ്ഞെടുത്തത്.

പുരസ്‌കാര ജേതാക്കള്‍

കാരുണ്യ രത്‌ന നവാസ് എം. കെ.

'കെയര്‍ ഫോര്‍ മുംബൈ'യിലൂടെ നിസ്വാര്‍ത്ഥമായ മാനവസേവന പ്രവര്‍ത്തനങ്ങള്‍ നടത്തി ആയിരക്കണക്കിന് ആളുകള്‍ക്ക് താങ്ങായ ജീവകാരുണ്യ പ്രവര്‍ത്തകന്‍.

സംഘാടക രത്‌ന ഡോ. റോയ് ജോണ്‍ മാത്യു

170 രാജ്യങ്ങളിലെ മലയാളികളെ ബന്ധിപ്പിക്കുന്ന വേള്‍ഡ് മലയാളി ഫെഡറേഷന്റെ മഹാരാഷ്ട്ര സ്റ്റേറ്റ് കമ്മിറ്റി രൂപീകരിക്കുന്നതിലും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും ശ്രദ്ധേയമായ പങ്കുവഹിച്ച സംഘാടകന്‍. മഹാരാഷ്ട്രയിലെ മലയാളികള്‍ക്കായി മലയാളി ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് സംഘടിപ്പിക്കുന്നതിനും നേതൃത്വം നല്‍കി.

സാമൂഹ്യസേവാ രത്‌ന വര്‍ഗീസ് ഡാനിയേല്‍

മഹാരാഷ്ട്രയിലെ മലയാളി സമൂഹത്തില്‍ സാമൂഹ്യസേവന രംഗത്തും നേതൃത്വത്തിലും ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയ വ്യക്തിത്വം. ഡോംബിവലി കേരളീയ സമാജത്തിന്റെ ചെയര്‍മാനാണ്.

ഗുരുരത്‌ന ഡോ. ഉമ്മന്‍ ഡേവിഡ്

വിദ്യാഭ്യാസ രംഗത്ത് അഞ്ച് പതിറ്റാണ്ടിന്റെ സേവന പാരമ്പര്യമുള്ള വ്യക്തിത്വം. ഹോളി എയ്ഞ്ചല്‍സ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകനായ അദ്ദേഹം മഹാരാഷ്ട്രയിലെ നിരവധി തലമുറകളുടെ വിദ്യാഭ്യാസ വളര്‍ച്ചയില്‍ പങ്കുവഹിച്ചു.

വനിതാ രത്‌ന നവമി രാജന്‍

അയോധ്യ ശ്രീരാമ ക്ഷേത്രത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട എന്‍ജിനീയറിംഗ് ടീമില്‍ അംഗമായ യുവ എന്‍ജിനീയര്‍. ഇന്ത്യന്‍ ചരിത്രത്തിലെ ശ്രദ്ധേയമായ ഈ പദ്ധതിയില്‍ പങ്കാളിയായ മലയാളി വനിത എന്ന നിലയിലാണ് നവമി രാജനെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.

മാധ്യമ രത്‌ന പ്രേംലാല്‍ രാമന്‍

കൈരളി ടി.വിയിലെ 'ആംച്ചി മുംബൈ' എന്ന വാരാന്ത്യ പരിപാടിയിലൂടെ മഹാരാഷ്ട്രയിലെ മലയാളി സമൂഹത്തിന്റെ വാര്‍ത്തകളും വിശേഷങ്ങളും ലോകമെമ്പാടുമുള്ള മലയാളികളിലേക്ക് എത്തിക്കുന്ന മാധ്യമപ്രവര്‍ത്തകന്‍.

വ്യവസായ രത്‌ന ഹുസൈന്‍ പി. കുന്നേല്‍

വെര്‍ട്ടിക്കല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ രംഗത്ത് സംരംഭകത്വത്തിലൂടെ ശ്രദ്ധേയമായ വ്യവസായം കെട്ടിപ്പടുത്ത വ്യക്തിത്വം. എസ്‌കോണ്‍ എലവേറ്റേഴ്സിന്റെ നേതൃത്വത്തിലൂടെ നിരവധി മലയാളികള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ഒരുക്കിയതും പുരസ്‌കാരത്തിനുള്ള പരിഗണനയില്‍ പ്രധാനമായി.

സംരംഭക രത്‌ന റെന്നി ഫിലിപ്പോസ്

എംജിഎം പ്രിന്റേഴ്സ് എന്ന സ്ഥാപനത്തിലൂടെ പ്രിന്റിംഗ് രംഗത്ത് സംരംഭകത്വത്തിന്റെ പുതിയ മാതൃക സൃഷ്ടിച്ച വ്യക്തി. കഠിനാധ്വാനത്തിലൂടെ വ്യവസായ രംഗത്ത് മുന്നേറിയതിനൊപ്പം കേരളവുമായുള്ള ബന്ധം നിലനിര്‍ത്തുന്ന പ്രവാസി സംരംഭകന്‍ എന്ന നിലയിലും ശ്രദ്ധേയനാണ്. പുണ്യാളന്‍ നിരണം ചുണ്ടന്‍ വള്ളത്തിന്റെ അമരക്കാരനുമാണ്.