കൈകൊട്ടിക്കളി മത്സരത്തില്‍ കേരളീയ സമാജം ഡോംബിവ്ലിക്ക് സമ്മാനം
മുംബൈ: ബോംബെ കേരളീയ സമാജം (ബികെഎസ്) മാട്ടുംഗ മൈസൂര്‍ അസോസിയേഷന്‍ ഹാളില്‍ സംഘടിപ്പിച്ച കൈകൊട്ടിക്കളി മത്സരത്തില്‍ കേരളീയ സമാജം ഡോംബിവ്ലി ഒന്നാം സ്ഥാനം കരസ്ഥമാക്കി തുടര്‍ച്ചയായ മൂന്നാം തവണയും ജേതാക്കളായി.
മഹാനഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 16 ടീമുകള്‍ മാറ്റുരച്ച മത്സരം മുംബൈ മലയാളി മഹിളകളുടെ വേറിട്ടൊരു കലാമാമാങ്കമായി മാറി. രാവിലെ 9:30-ന് സമാജം ഭാരവാഹികളും ഭരണസമിതി അംഗങ്ങളും ഭദ്രദീപം കൊളുത്തി പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. സമാജത്തിന്‍റെ വനിതാ വിഭാഗം അംഗങ്ങളും ഭരണസമിതി അംഗങ്ങളും പരിപാടികള്‍ നിയന്ത്രിച്ചു.
വൈകുന്നേരം 4 മണിക്ക് നടന്ന സാംസ്‌കാരിക സമ്മേളനത്തിലും സമ്മാനദാന ചടങ്ങിലും വൈസ് പ്രസിഡന്‍റ് കെ. ദേവദാസ് അധ്യക്ഷത വഹിച്ചു. സമാജം സെക്രട്ടറി എ.ആര്‍. ദേവദാസ് സ്വാഗതവും ജോയിന്‍റ് സെക്രട്ടറി ടി.എ. ശശി നന്ദിയും പറഞ്ഞു. കലാവിഭാഗം കണ്‍വീനര്‍ ഹരികുമാര്‍ കുറുപ്പ്, മത്സരവിധികര്‍ത്താക്കളായ കലാമണ്ഡലം വിജയശ്രീ, പ്രതിഭ ജനാര്‍ദനന്‍, നിഷ ഗില്‍ബര്‍ട്ട് എന്നിവര്‍ വേദി പങ്കിട്ടു.
മത്സരത്തില്‍ നാട്യ അക്കാദമി സീവുഡ് രണ്ടാം സ്ഥാനവും ഈസ്റ്റ് കല്യാണ്‍ കേരള സമാജം മൂന്നാം സ്ഥാനവും നേടി. ഒന്നാം സമ്മാനമായ 25,000 രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റും സീഗല്‍ ഇന്‍റർനാഷണല്‍ ഗ്രൂപ്പാണ് സ്‌പോണ്‍സര്‍ ചെയ്തത്. രണ്ടും മൂന്നും സമ്മാനങ്ങളായ 15,000 രൂപയും 10,000 രൂപയും (ഫലകം, സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ) ഫാമിസ് സ്‌പൈസസ് എല്‍എല്‍പി നല്‍കി. പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും 2,000 രൂപ പ്രോത്സാഹന സമ്മാനവും പ്രശസ്തിപത്രവും സമ്മാനിച്ചു. പ്രശസ്ത ഗായകര്‍ മധു നമ്പ്യാര്‍, സെബാസ്റ്റ്യന്‍ എന്നിവര്‍ സാങ്കേതിക വിഭാഗവും ശ്യാം സീവുഡ് പരിപാടിയുടെ അവതരണവും നിര്‍വഹിച്ചു.