മലയാള ഭാഷാ പ്രചാരണ സംഘം കേരളപ്പിറവി ദിനാഘോഷം നടത്തി

 
Mumbai

മലയാള ഭാഷാ പ്രചാരണ സംഘം കേരളപ്പിറവി ദിനാഘോഷം നടത്തി

മലയാളോത്സവത്തിന്റെ ലോഗോയും പ്രകാശനം ചെയ്തു

Mumbai Correspondent

ബോയ്‌സര്‍: മലയാള ഭാഷയുടെയും സംസ്‌കാരത്തിന്റെയും പൈതൃകം വിളിച്ചോതി മലയാള ഭാഷാ പ്രചാരണ സംഘം പാല്‍ഘര്‍ മേഖലയുടെ ആഭിമുഖ്യത്തില്‍ കേരളപ്പിറവി ആഘോഷം സംഘടിപ്പിച്ചു.സാംസ്‌കാരിക സമ്മേളനത്തോടെ ആരംഭിച്ച പരിപാടിയില്‍ മലയാള ഭാഷാ പ്രചാരണ സംഘം പാല്‍ഘര്‍ മേഖലാ പ്രസിഡന്റ് ബാബുരാജന്‍ പി. നായര്‍ അധ്യക്ഷത വഹിച്ചു.

മേഖലാ സെക്രട്ടറി മായാ സുനില്‍ സ്വാഗതം ആശംസിച്ചു. പ്രശസ്ത സിനിമാതാരവും സ്റ്റാന്‍ഡ്-അപ്പ് കൊമേഡിയനുമായ സുധീര്‍ പറവൂര്‍ ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു.മലയാള ഭാഷാ പ്രചാരണ സംഘത്തിന്റെ പതിനഞ്ചാമത് മലയാളോത്സവത്തിന്റെ ലോഗോയും ചടങ്ങില്‍ പ്രകാശനം ചെയ്തു. ലോഗോ മത്സരത്തില്‍ വിജയിയായ വസായ്-വിരാര്‍ മേഖലയില്‍ നിന്നുള്ള ആഷിന്‍ പ്രമോദ് രൂപകല്‍പ്പന ചെയ്ത ലോഗോ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സന്ദീപ് വര്‍മ്മ, സുധീര്‍ പറവൂരിന് കൈമാറിയാണ് പ്രകാശനം നിര്‍വഹിച്ചത്.

സാംസ്‌കാരിക സമ്മേളനത്തില്‍ താരാപ്പൂര്‍ മലയാളി സമാജം, പാല്‍ഘര്‍ താലൂക്ക് നായര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍, ബോയ്‌സര്‍ അയ്യപ്പ സേവാ സമിതി, ശ്രീനാരായണ മന്ദിര്‍ സമിതി, കൈരളി സമാജം പാല്‍ഘര്‍, നവോദയ സാംസ്‌കാരിക വേദി, അയ്യപ്പ സേവാ സമിതി പാല്‍ഘര്‍, സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, സെന്റ് പോള്‍സ് സീറോ മലബാര്‍ സഭ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്തു.