ബോറിവ്‌ലി മലയാളി സമാജത്തിന് വീണ്ടും കിരീടം

 
Mumbai

മലയാളോത്സവത്തില്‍ ബോറിവ്‌ലി മലയാളി സമാജത്തിന് വീണ്ടും കിരീടം

പങ്കെടുത്തത് 200ല്‍ അധികം പേര്‍

Mumbai Correspondent

മുംബൈ: മലയാള ഭാഷാ പ്രചാരണ സംഘത്തിന്റെ ബാന്ദ്ര മുതല്‍ ദഹിസര്‍ വരെയുള്ള പശ്ചിമ മേഖലയുടെ പതിനഞ്ചാം മലയാളോത്സവത്തില്‍ ബോറിവ്‌ലി മലയാളി സമാജം രണ്ടാം തവണയും ചാമ്പ്യന്‍ഷിപ് കിരീടം സ്വന്തമാക്കി. സഹാര്‍ മലയാളി സമാജം രണ്ടാം സ്ഥാനത്തെത്തി.

പശ്ചിമ മേഖല സെക്രട്ടറി ജീബ ശ്രീജിത്ത് സ്വാഗതം ആശംസിച്ച ചടങ്ങില്‍ മേഖല പ്രസിഡന്റ് ഗ്രേസി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. മലയാള ഭാഷാ പ്രചാരണ സംഘം കേന്ദ്രകമ്മിറ്റി നിരീക്ഷകന്‍ അനില്‍ പ്രകാശ് മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പതിനാലാം മലയാളോത്സവത്തോടനുബന്ധിച്ച് നടന്ന നാടകോത്സവത്തില്‍ എ, ബി ഗ്രൂപ്പുകളില്‍ മികച്ച നാടകത്തിനുള്ള സമ്മാനങ്ങളും എ ഗ്രൂപ്പില്‍ മികച്ച നടനും നടിക്കുമുള്ള പുരസ്‌കാരങ്ങളും നേടിയ പശ്ചിമ മേഖലയിലെ കലാകാരന്മാരെ അദ്ദേഹം അഭിനന്ദിച്ചു.

മലയാള ഭാഷാ പ്രചാരണ സംഘം ജനറല്‍ സെക്രട്ടറി റീന സന്തോഷ്, സാന്താക്രൂസ് മലയാളി സമാജം പ്രതിനിധി ജയന്തി പവിത്രന്‍, സഹാര്‍ മലയാളി സമാജം സെക്രട്ടറി പി.കെ. ബാലകൃഷ്ണന്‍, എസ്‌എന്‍എംഎസ് കുറാര്‍ യൂണിറ്റ് സെക്രട്ടറി വിനീഷ് പൊന്നന്‍, കാന്തിവലി മലയാളി സമാജം പ്രതിനിധി രേഷ്മ നായര്‍, മലാഡ് സെന്റ് തോമസ് ചര്‍ച്ച് പ്രതിനിധി ലീന ബ്ലെസ്സന്‍, കുറാര്‍ മലാഡ് മലയാളി സമാജം ജോയിന്റ് സെക്രട്ടറി വന്ദന സത്യന്‍, മാല്‍വണി സെന്റ് തോമസ് ചര്‍ച്ച് പ്രതിനിധി ദീപ സാം, കുറാര്‍ അയ്യപ്പ സേവ സംഘം സെക്രട്ടറി ഗോപാലകൃഷ്ണന്‍ നായര്‍, ആഘോഷകമ്മിറ്റി കണ്‍വീനര്‍ ബാബു കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മൂന്ന് വേദികളിലായി 27 ഇനങ്ങളില്‍ പ്രായാടിസ്ഥാനത്തിലുള്ള ഗ്രൂപ്പുകളായി നടന്ന മത്സരങ്ങളില്‍ ആറു വയസുകാര്‍ മുതല്‍ 80 വയസ് വരെയുള്ള ഇരുന്നൂറിലേറെ പേര്‍ പങ്കെടുത്തു. ഉണ്ണി വാരിയത്ത്, മനോജ് മുണ്ടയാട്ട്, അജിത്കുമാര്‍, വിനോദ് ഭാസ്‌കര്‍, നിമ്മി ജയധരന്‍, രാരികൃഷ്ണ, സ്മിത സുധീര്‍, വിക്രാന്ത് മാത്രേ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.