ഡോ. സുരേഷ്‌കുമാര്‍ മധുസൂദനന്‍
മുംബൈ: സീഗള്‍ ഇന്‍റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാനും മാനെജിങ് ഡയറക്റ്ററുമായ ഡോ. സുരേഷ്‌കുമാര്‍ മധുസൂദനന്‍ യുഎസിലെ കാലിഫോര്‍ണിയ ആസ്ഥാനമായ ആരിയ യൂണിവേഴ്‌സിറ്റി സംഘടിപ്പിക്കുന്ന ഇന്‍റര്‍നാഷണല്‍ സംസ്‌കൃത കോണ്‍ഫറന്‍സിൽ ഗവേഷണ പ്രബന്ധം അവതരിപ്പിക്കും.
'ശ്രീനാരായണ ഗുരുവിന്‍റെ സർവമാനവ ദര്‍ശനവും ആഗോള സമാധാനത്തിനും സാമൂഹിക സൗഹാര്‍ദത്തിനുമുള്ള അതിന്‍റെ പ്രസക്തിയും' എന്ന വിഷയത്തിലുള്ള ഗവേഷണ പ്രബന്ധത്തിന്‍റെ സാരാംശം കോണ്‍ഫറന്‍സിന്‍റെ അക്കാഡമിക് കമ്മിറ്റിയും ഓര്‍ഗനൈസിങ് കമ്മിറ്റിയും അംഗീകരിച്ചതായി അധികൃതര്‍ അറിയിച്ചു. ഗവേഷണത്തിന്‍റെ ശാസ്ത്രീയ പ്രാധാന്യവും ആഗോള പ്രസക്തിയും പരിഗണിച്ചാണ് ഈ അംഗീകാരം.
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പണ്ഡിതരെയും തത്വചിന്തകരെയും അക്കാഡമിക് വിദഗ്ധരെയും ഗവേഷകരെയും ഒരുമിപ്പിക്കുന്ന അന്താരാഷ്ട്ര സമ്മേളനം, ആധുനിക ലോകം നേരിടുന്ന വെല്ലുവിളികള്‍ക്ക് ഇന്ത്യന്‍ തത്ത്വചിന്തയും സംസ്‌കൃത ജ്ഞാനപാരമ്പര്യവും നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങൾ ചര്‍ച്ച ചെയ്യുന്നതിനുള്ള വേദിയാകും. മികച്ച ശാസ്ത്രീയ നിലവാരം പുലര്‍ത്തുന്ന തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍ പിയര്‍ റിവ്യൂ നടപടികള്‍ക്കു ശേഷം പ്രശസ്തമായ സ്‌കോപ്പസ് ഇന്‍ഡക്‌സ്ഡ് ജേണലുകളില്‍ പ്രസിദ്ധീകരിക്കും.
ശ്രീനാരായണ ഗുരുവിന്‍റെ സര്‍വമാനവ ദര്‍ശനം ആഗോള സമാധാനം, സാമൂഹിക ഐക്യം, സമത്വം, വികസനം എന്നിവയ്‌ക്കെങ്ങനെ വഴികാട്ടിയാകാമെന്ന് ഡോ. സുരേഷ്‌കുമാർ മധുസൂദനന്‍റെ ഗവേഷണ പ്രബന്ധം വിശദീകരിക്കുന്നു. ശ്രീനാരായണ ഗുരുവിന്‍റെ ദര്‍ശനം കേരളത്തിന്‍റെയോ ഇന്ത്യയുടെയോ പരിധിയില്‍ ഒതുങ്ങുന്നതല്ലെന്നും, സംഘര്‍ഷങ്ങളും വിഭജനങ്ങളും വര്‍ധിച്ചുവരുന്ന ഇന്നത്തെ ലോകത്തിന് ദിശാബോധം നല്‍കുന്ന സര്‍വമാനവ സന്ദേശമാണെന്നും, അന്താരാഷ്ട്ര അക്കാഡമിക് വേദിയില്‍ ലഭിച്ച ഈ അംഗീകാരം, സര്‍വമാനവ സഹോദര്യത്വവും സാമൂഹിക സമത്വവും ഉയര്‍ത്തിപ്പിടിച്ച ശ്രീനാരായണ ഗുരുവിന്‍റെ ശാശ്വത സന്ദേശങ്ങള്‍ക്ക് ലഭിച്ച ആദരവാണെന്ന് ഡോ. സുരേഷ്‌കുമാര്‍ മധുസൂദനന്‍ പറഞ്ഞു