മറാഠി പഠിച്ചില്ലെങ്കില്‍ ലൈസന്‍സ് സ്ഥിരമായി റദ്ദാക്കും
മുംബൈ : മഹാരാഷ്ട്രയില്‍ ഓട്ടോറിക്ഷ, ടാക്സി, ആപ്പ് അധിഷ്ഠിത ക്യാബുകള്‍ (ഒല, ഉബര്‍, റാപ്പിഡോ) എന്നിവ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് മറാഠി ഭാഷാ പരിജ്ഞാനം നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. മഹാരാഷ്ട്ര മോട്ടോര്‍ വെഹിക്കിള്‍സ് (ഭേദഗതി) ചട്ടങ്ങള്‍ 2026 പ്രകാരമാണ് പുതിയ നിര്‍ദേശം നടപ്പാക്കുന്നത
മറാഠി സംസാരിക്കാനോ കൈകാര്യം ചെയ്യാനോ അറിയാത്ത ഡ്രൈവര്‍മാരുടെ ഡ്രൈവിങ് ലൈസന്‍സോ പെര്‍മിറ്റോ പ്രാഥമികമായി മൂന്ന് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യും. സസ്പെന്‍ഷന്‍ കാലാവധിക്കുശേഷവും ഭാഷ പഠിച്ചില്ലെങ്കില്‍ ലൈസന്‍സ് സ്ഥിരമായി റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി പ്രതാപ് സര്‍നായിക് വ്യക്തമാക്കി.
യാത്രക്കാരുമായി കൃത്യമായി ആശയവിനിമയം നടത്താനും സുഗമമായ യാത്ര ഉറപ്പാക്കാനുമാണ് ഈ ഭേദഗതികൊണ്ടുവന്നതെന്നാണ് സര്‍ക്കാരിന്‍റെ വിശദീകരണം. വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്കു പുറമേ, പെര്‍മിറ്റ് ഉടമകള്‍ക്കും പെര്‍മിറ്റ് പുതുക്കാന്‍ അപേക്ഷിക്കുന്നവര്‍ക്കും ഈ നിയമം ബാധകമായിരിക്കും. മറാഠി ഭാഷ അറിയാത്തവര്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതും വഴി തെറ്റിക്കുന്നതും സംബന്ധിച്ച് നിരന്തരം പരാതികള്‍ ലഭിച്ച പശ്ചാത്തലത്തിലാണ് ഈ നീക്കമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.