താനെ: താനെ ജില്ലയിലെ പ്രശസ്തമായ മൺസൂൺ ടൂറിസ്റ്റ് കേന്ദ്രമായ മാൽഷെജ് ഘട്ടിൽ ഓഗസ്റ്റ് 31 വരെ മുംബൈയിൽ നിന്നും മഹാരാഷ്ട്രയിലെ മറ്റ് ഭാഗങ്ങളിൽ നിന്നുമുള്ള സഞ്ചാരികൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി. താനെ ജില്ലാ കളക്ടർ അശോക് ഷിംഗരെയാണ് വിനോദസഞ്ചാരികൾ ഈ പ്രദേശം സന്ദർശിക്കുന്നത് വിലക്കിയുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
'മൺസൂൺ സമയത്ത്, മുംബൈയിൽ നിന്നുള്ള വിനോദസഞ്ചാരികൾ മഴയും പ്രദേശങ്ങളിലെ പ്രകൃതി ഭംഗിയും ആസ്വദിക്കാൻ അടുത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഒഴുകുന്നു.വെള്ളച്ചാട്ടത്തിന് കീഴിൽ കുളിക്കുന്നതും,ചെറു നീർചാലുകളിൽ ഇറങ്ങി ആസ്വദിക്കുന്നതിനും വേണ്ടിയാണ് മഹാരാഷ്ട്രയുടെ പല ഭാഗങ്ങളിൽ നിന്നും ഇവിടേക്ക് സഞ്ചാരികൾ എത്താറുള്ളത്. പക്ഷേ പാറകെട്ടുകളിലെ കല്ലുകളിൽ നിന്നും വഴുതി വീണ് പല അപകടങ്ങളും ഇതിന് മുമ്പു റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.കൂടാതെ കനത്ത മൂടൽ മഞ്ഞുമൂലവും വിനോദ സഞ്ചാരികൾ പലപ്പോഴും അപകടത്തിൽ പെടാറുണ്ട്. താനെ ജില്ലാ കളക്ടറുടെ ഉത്തരവിനെത്തുടർന്ന്, ഗണേഷ് ലെനി, പടലെ ഡാം, സിദ്ധഗഡ് എന്നിവിടങ്ങളിൽ ഇരുവശവും ഉൾക്കൊള്ളുന്ന മാൽഷെജ് ഘട്ട് പ്രദേശത്ത് ഞങ്ങൾ ഇന്ത്യൻ ശിക്ഷാ നിയമത്തിന്‍റെ (IPC) 144 വകുപ്പ് ചുമത്തിയിട്ടുണ്ട്'. അധികൃതർ അറിയിച്ചു.
വാഹന ഗതാഗതം തുടരുമെങ്കിലും, ഫോട്ടോഗ്രാഫിക്ക് പോലും ആളുകളെ ഈ പ്രദേശത്തേക്ക് പ്രവേശിപ്പിക്കില്ല. വിനോദസഞ്ചാരികളെ തടയാൻ ഈ മേഖലയിലെ നാല് വെള്ളച്ചാട്ടങ്ങൾക്ക് ചുറ്റും സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരെയും 45 പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്. നിരോധനം നടപ്പിലാക്കാൻ രഹസ്യ പൊലീസ് ഉദ്യോഗസ്ഥരും ഡ്യൂട്ടിയിലുണ്ടാകും.
അടുത്തിടെ ബദ്‌ലാപൂരിനടുത്തുള്ള വെള്ളച്ചാട്ടത്തിൽ യുവാവ് മുങ്ങിമരിച്ച സംഭവത്തിന് പുറകെയാണ് മൽഷെജ് ഘട്ട് അടച്ചിടാൻ തീരുമാനിച്ചത്.