ദാവൂദ് ഇബ്രാഹിം (ഇടത്), ദാവൂദിന്റെ പഴയ വസതിയായ ഹാജി ഇസ്മായിൽ ഹബീബ് മുസാഫിർഖാന കെട്ടിടം (വലത്)
മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെയും കുടുംബത്തിന്റെയും പഴയ വസതിയും പ്രവർത്തനകേന്ദ്രവുമായിരുന്ന മുംബൈയിലെ കെട്ടിടത്തിന്റെ അവശേഷിക്കുന്ന ഭാഗങ്ങൾ പൊളിക്കുന്നു. എന്നാൽ കെട്ടിടത്തിലെ പ്രാർഥനാ ഹാൾ മസ്ജിദാണെന്ന വാദവുമായി പ്രദേശവാസികളും കോൺഗ്രസ്, എഐഎംഐഎം നേതാക്കളും രംഗത്തെത്തിയതോടെ നടപടി വിവാദത്തിലായി. പൊളിക്കൽ തടയുന്നതിനായി കോടതിയെ സമീപിക്കാനും ഇവർ ഒരുങ്ങുകയാണ്.
മുംബൈയിലെ ഭേണ്ഡി ബസാറിലുള്ള ജീർണാവസ്ഥയിലുള്ള ഹാജി ഇസ്മായിൽ ഹബീബ് മുസാഫിർഖാന കെട്ടിടമാണ് നവംബർ 18, 19 തീയതികളിൽ മുംബൈ മുനിസിപ്പൽ കോർപറേഷൻ (ബിഎംസി) പൊളിക്കുന്നത്. കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള പ്രാർഥനാ ഹാൾ ഉപയോഗിക്കുന്നവർ മറ്റൊരു സ്ഥലത്തേക്ക് മാറണമെന്ന് ആവശ്യപ്പെട്ട് നവംബർ 16ന് ബിഎംസി നോട്ടീസ് നൽകിയിരുന്നു. അപകടാവസ്ഥയിലുള്ള കെട്ടിടം നീക്കം ചെയ്ത് റോഡ് വീതികൂട്ടുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുകയാണ് ലക്ഷ്യം.
കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള സ്ഥലത്തെ പ്രാർഥനാ ഹാൾ എന്നാണ് ബിഎംസി വിശേഷിപ്പിക്കുന്നത്. എന്നാൽ ഇത് മസ്ജിദാണെന്നാണ് പ്രദേശവാസികളും പ്രതിപക്ഷ നേതാക്കളും പറയുന്നത്.
സുപ്രീം കോടതിയുടെയും വഖഫ് ട്രൈബ്യൂണലിന്റെയും സ്റ്റേ ഉത്തരവുകൾ നിലനിൽക്കെ നോട്ടീസ് നൽകിയത് നിയമവിരുദ്ധമാണെന്ന് എഐഎംഐഎം നേതാവ് വാരിസ് പത്താൻ പറഞ്ഞു.
''ഇത് 140 വർഷം പഴക്കമുള്ള മസ്ജിദാണ്. അധികൃതർ ഇതിനെ മസ്ജിദായി അംഗീകരിക്കുന്നില്ലെന്ന കാരണത്താൽ മാത്രം ഇവിടെ ബുൾഡോസർ എത്തിക്കാനാവില്ല. നിയമപരമായ വാദങ്ങൾ അവതരിപ്പിക്കാൻ 15 ദിവസത്തെ സമയം മാത്രമാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. ഏകപക്ഷീയമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടി ഉറപ്പാക്കും''- വാരിസ് പത്താൻ പറഞ്ഞു.
ഏഴ് മുതൽ 15 ദിവസത്തെ മുൻകൂർ നോട്ടീസ് നൽകാതെയാണ് ബിഎംസിയും ഒരു ട്രസ്റ്റും ചേർന്ന് കെട്ടിടം പൊളിക്കാൻ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് എംഎൽഎ അമീൻ പട്ടേൽ ആരോപിച്ചു. 2024-25 കാലയളവിൽ സുപ്രീം കോടതിയുടെയും വഖഫ് ട്രൈബ്യൂണലിന്റെയും സ്റ്റേ ഉത്തരവുകൾ നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ട്രസ്റ്റിന്റെ വികസന പദ്ധതികൾക്കെതിരേ പ്രദേശവാസികൾക്ക് എതിർപ്പില്ല. എന്നാൽ വിഷയം വഖഫ് ട്രൈബ്യൂണലിന്റെ പരിഗണനയിലിരിക്കെ ഇരുവിഭാഗത്തിന്റെയും വാദം കേൾക്കാതെ ഏകപക്ഷീയമായി നടപടിയെടുക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരുകാലത്ത് താഴത്തെ നിലയിൽ 32 കടകളും മുകളിലെ നിലകളിൽ 19 താമസ കേന്ദ്രങ്ങളുമുണ്ടായിരുന്ന കെട്ടിടമാണിത്. കെട്ടിടം അതീവ ജീർണാവസ്ഥയിലായതോടെ 2020 ഓഗസ്റ്റിൽ അധികൃതർ താമസക്കാരെ ഒഴിപ്പിക്കുകയും കെട്ടിടത്തിന്റെ മുകൾഭാഗങ്ങൾ ഭാഗികമായി പൊളിക്കുകയും ചെയ്തു.
കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ ദാവൂദ് ഇബ്രാഹിം ഉപയോഗിച്ചിരുന്ന ഒന്നും രണ്ടും നിലകളിലെ പ്രധാന മുറികളും പൊളിച്ചുനീക്കി. നിലവിൽ താഴത്തെ നിലയിലെ തർക്കത്തിലുള്ള പ്രാർഥനാ ഹാളും ഒന്നാം നിലയിലെ പത്തോളം മുറികളുമാണ് അവശേഷിക്കുന്നത്.
1980കൾ വരെ ദാവൂദ് ഇബ്രാഹിമിന്റെയും സംഘത്തിന്റെയും ആദ്യകാല പ്രവർത്തനകേന്ദ്രങ്ങളിലൊന്നായിരുന്നു ഭേണ്ഡി ബസാറിലെ ഈ കെട്ടിടം. കള്ളക്കടത്ത് വസ്തുക്കൾ ഇവിടെ സൂക്ഷിച്ചിരുന്നതായും ആരോപണമുണ്ട്.
1986ൽ ഇന്ത്യ വിടുന്നതിന് മുൻപ് ദാവൂദും സഹോദരങ്ങളുമടങ്ങുന്ന കസ്കർ കുടുംബം മുസാഫിർഖാനയുടെ രണ്ടാം നിലയിലായിരുന്നു താമസിച്ചിരുന്നത്. ദാവൂദിന്റെ സ്വകാര്യ മുറിയും 1993ലെ മുംബൈ സ്ഫോടന പരമ്പരയുടെ ഗൂഢാലോചന നടന്നതായി ആരോപിക്കപ്പെടുന്ന ഓഫീസും ഈ കെട്ടിടത്തിലുണ്ടായിരുന്നു.
ദാവൂദ് വിദേശത്തേക്ക് കടന്നതിന് ശേഷവും മാതാവ് അമീന ബീ ഇവിടെ താമസം തുടർന്നു. കെട്ടിടത്തിലെ മറ്റ് ഫ്ലാറ്റുകളും കടകളും വാടകക്കാർ ഉപയോഗിച്ചിരുന്നു. പിന്നീട് ദാവൂദിന്റെ സഹോദരൻ ഇഖ്ബാൽ കസ്കറും ഈ കെട്ടിടം ഉപയോഗിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്.