ടൈഗര്‍ ഷ്റോഫിനെ സന്ദര്‍ശിക്കുന്ന ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ
മുംബൈ: നടന് ടൈഗര്‍ ഷ്റോഫിന് നേരെ ഉണ്ടായ ആക്രമണം വലിയ വാര്‍ത്തയാകുമ്പോള്‍ മഹാരാഷ്ട്ര സര്‍ക്കാരും അതില്‍ പ്രതിക്കൂട്ടിലാകുകയാണ്. സമ്പന്നരുടെയും ബോളിവുഡ് താരങ്ങളുടെയും കേന്ദ്രമായ ജുഹുവില്‍ വച്ചാണ് ആളുകള്‍ നോക്കി നില്‍ക്കെ ടൈഗര്‍ ഷ്റോഫിന് നേരെ വെടിയുതിര്‍ത്തത്. പ്രതികളെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടി കൂടാനായെങ്കിലും സര്‍ക്കാരിന് ഉണ്ടായ നാണേക്കട് വലുതാണ്. മഹാരാഷ്ട്രയില്‍ ജംഗ്ലി രാജ് (കാട്ടുനീതി) ആണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എത്രയും വേഗം ഈ സ്ഥാനം ഒഴിയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നവരാത്രി ആഘോഷങ്ങളോട് അനുബന്ധിച്ച് മുംബൈ നഗരത്തില്‍ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നാണ് മുംബൈ പൊലീസ് പറഞ്ഞിരുന്നത്. എന്നാല്‍ ടൈഗര്‍ ഷ്റോഫിന് നേരെ ഉണ്ടായ ആക്രമണത്തോടെ ഇതില്‍ യാതൊരു വസ്തുതയുമില്ലെന്നാണ് തെളിയുന്നത്. വെടിയുതിര്‍ത്തിന് ശേഷവും ആക്രമികള്‍ രാജസ്ഥാന് വരെ എത്തിയതിലും മറുപടി നല്‍കേണ്ടത് മുംബൈ പൊലീസാണ്.
എന്‍സിപി നേതാവ് ബാബാ സിദ്ധിഖിയെ കൊലപ്പെടുത്തിയ കേസിലും നടന് സല്മാന് ഖാന്റെ വസതിക്ക് നേരെ നടന്ന വെടിവയ്പ്പിലുമെല്ലാം പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുന്നത് ലോറന്‍സ് ബിഷ്ണോയിയെയാണ്. കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ നിന്ന് അറസ്റ്റിലാകുകയും പിന്നീട് ഡല്‍ഹിയിലെത്തിച്ച് തീഹാര്‍ ജയിലിലേക്ക് മാറ്റുകയും ചെയ്ത അന്മോല് ബിഷ്ണോയിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ മുംബൈ പൊലീസ് തയാറായിട്ടില്ല.
ഇത് ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള മറ്റൊരു ശ്രമമാണ് ഇതെന്ന സംശയവും പല കോണുകളില്‍ നിന്നുയരുന്നുണ്ട്. ഒരു കാലത്ത് ദാവൂദ് ഇബ്രാഹിമിനെ പോലെയുള്ളവര്‍ നടത്തിയ തരത്തിലുള്ള ഏറ്റുമുട്ടലുകളാണ് വീണ്ടും മുംബൈയില്‍ നടക്കുന്നത്.അഞ്ച് തവണ വെടിയുതിര്‍ത്തിട്ടും ടൈഗര്‍ ഷ്റോഫിന് പരുക്കേറ്റില്ലെങ്കിലും ഫഡ്നാവിസ് സര്‍ക്കാരിന് ഇതിലൂടെ വലിയ പരുക്കാണേറ്റിരിക്കുന്നത്. 2024 മുതല്‍ തുടര്‍ച്ചയായി കൃത്യമായ ഇടവേളകളില്‍ ലോറന്‍സ് ബിഷ്ണോയ് സംഘം നഗരത്തില്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് പിന്നിലെ മുഖ്യസൂത്രധാരന്മാരെ എന്ത് കൊണ്ടാണ് പിടി കൂടാതത്തതെന്ന ചോദ്യത്തിന് വൈകാതെ മറുപടി നല്‍കേണ്ടി വരും.