കാമാത്തിപുര നവീകരണം ഫെബ്രുവരി മുതല്‍

 
Mumbai

കാമാത്തിപുര നവീകരണം ഫെബ്രുവരി മുതല്‍

ജനുവരി അവസാനത്തോടെ എല്ലാ അനുമതികളും പൂര്‍ത്തിയാക്കും

Mumbai Correspondent

മുംബൈ: ദക്ഷിണ മുംബൈയിലെ ചരിത്രപ്രസിദ്ധമായ കാമാത്തിപുരയുടെ മുഖച്ഛായ മാറ്റുന്ന സമഗ്ര പുനര്‍വികസന പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2027 ഫെബ്രുവരിയില്‍ ആരംഭിക്കും. മഹാരാഷ്ട്ര ഭവന, മേഖലാ വികസന അതോറിറ്റിയായ മാഡയുടെ നേതൃത്വത്തിലാണ് ഏകദേശം 34 ഏക്കറിലായി 700-ലധികം പുതിയ കെട്ടിടങ്ങള്‍ ഉള്‍പ്പെടുന്ന പദ്ധതി നടപ്പാക്കുന്നത്.

പദ്ധതിയുമായി മുന്നോട്ട് പോകാന്‍ പ്രദേശത്തെ വാടകക്കാര്‍, താമസക്കാര്‍, ഭൂവുടമകള്‍ എന്നിവരില്‍ നിന്ന് സമ്മതം നേടേണ്ടതുണ്ട്. ഇതിനായുള്ള അവസാന തീയതി 2026 ഡിസംബര്‍ 7 ആണ്. നിശ്ചിത സമയപരിധിക്കുള്ളില്‍ സമ്മതപത്രം ലഭിച്ചാല്‍ 2027 ജനുവരി അവസാനത്തോടെ എല്ലാ അനുമതികളും പൂര്‍ത്തിയാക്കി ഫെബ്രുവരിയില്‍ നിര്‍മാണം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.

അര്‍ഹരായ ഓരോ കുടുംബത്തിനും 500 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ആധുനിക ഫ്‌ലാറ്റുകള്‍ ലഭിക്കും. കൂടാതെ, വീടൊഴിയുമ്പോള്‍ 2 വര്‍ഷത്തെ മുന്‍കൂര്‍ വാടകയും, വീട് മാറുന്നതിനുള്ള ചെലവായി 25,000 രൂപയും മാഡ നല്‍കും.