സിഎസ്എംടി സ്റ്റേഷനില്‍ ടിക്കറ്റ് ബുക്കിങ് ഹാളിന്റെ സീലിങ് തകര്‍ന്ന് വീണ് 2 പേര്‍ക്ക് പരുക്ക്

 
Mumbai

മുംബൈ സിഎസ്എംടി സ്റ്റേഷനില്‍ ടിക്കറ്റ് ബുക്കിങ് ഹാളിന്‍റെ സീലിങ് തകര്‍ന്ന് വീണ് 2 പേര്‍ക്ക് പരുക്ക്

നഷ്ടപരിഹാരം നല്‍കുമെന്ന് റെയ്ല്‍വേ

Mumbai Correspondent

മുംബൈ: മുംബൈ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസില്‍ (സിഎസ്എംടി) ബുക്കിങ് ഹാളിന്റെ പ്രവേശന കവാടത്തിന് സമീപം സീലിങ്ങിന്‌റെ ഒരു ഭാഗം തകര്‍ന്നു വീണ് രണ്ട് യാത്രക്കാര്‍ക്ക് പരുക്ക്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. റെയ്ല്‍ ലാന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റിയുടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ജോലികളുമായി ബന്ധപ്പെട്ടുള്ളതാണ് തകര്‍ന്ന ഭാഗമെന്നാണ് വിവരം.

വിനായക് ബാലു ഹട്കര്‍ (28), അയാന്‍ നൗഷാദ് മത്വങ്കര്‍ (24) എന്നിവർക്കാണ് പരുക്കേറ്റത്. ഇരുവരെയും സെന്‍റ് ജോര്‍ജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിനായക് ബാലു ഹട്കറിന്റെ തലയുടെ വലതുവശത്ത് 3-4 സെന്റിമീറ്റര്‍ നീളത്തിലാണ് പരുക്ക്. അയാന്‍ നൗഷാദ് മത്വങ്കറിന്റെ ഇടത് കണ്‌പോളയില്‍ മുറിവും, വലത് തോളിനും കഴുത്തിലും കാലിനും പരുക്കേറ്റു. സംഭവത്തില്‍ ഇരുവര്‍ക്കും നഷ്ടപരിഹാരം നല്‍കുമെന്ന് റെയ്ല്‍വേ അധികൃതര്‍ പറഞ്ഞു.