ഉജ്വല്‍ നികം

 
Mumbai

അജ്മല്‍ കസബിന് സിഗരറ്റ് വാഗ്ദാനം ചെയ്തപ്പോള്‍ പൊലീസിനോട് പറയാത്ത പല കാര്യങ്ങളും പറഞ്ഞു: ഉജ്വല്‍ നികം

മുംബൈ ബുക്ക് ഫെസ്റ്റിവലിലാണ് വെളിപ്പെടുത്തല്‍

Mumbai Correspondent

മുംബൈ: മുംബൈ ഭീകരാക്രമണക്കേസില്‍ വധശിക്ഷയ്ക്ക് വിധേയനായ പാക്കിസ്ഥാൻ ഭീകരന്‍ അജ്മല്‍ കസബ് പൊലീസിനോട് പറയാത്ത വിവരങ്ങള്‍ തന്നോട് വെളിപ്പെടുത്തിയിട്ടുണ്ടെന്ന് പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ഉജ്വല്‍ നികം. മുംബൈ ബുക്ക് ഫെസ്റ്റിവലില്‍ 'പേജസ് ദാറ്റ് ഹെല്‍ഡ് മി' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോടതി വളപ്പില്‍ നിരോധിക്കപ്പെട്ട സിഗരറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് കസബില്‍ നിന്ന് വിവരങ്ങള്‍ തേടിയതെന്നും, സ്വതന്ത്രമായി സ്ഥിരീകരിക്കാന്‍ കഴിയാത്തതിനാല്‍ പ്രോസിക്യൂഷന്‍ രേഖകളില്‍ അത് ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഉജ്ജ്വല്‍ നികം വ്യക്തമാക്കി.

ജയിലില്‍ കസബിന് മട്ടണ്‍ ബിരിയാണി നല്‍കിയിട്ടില്ലെന്നും നികം പറഞ്ഞു. നടന്‍ സഞ്ജയ് ദത്ത് പ്രതിയായ കേസില്‍ സ്വാധീനമുള്ളവരില്‍ നിന്ന് സമ്മര്‍ദമുണ്ടായോ എന്ന ചോദ്യത്തിന്, അത്തരം സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങില്ലെന്നും ശിക്ഷ വിധിച്ചപ്പോള്‍ സഞ്ജയ് ദത്ത് വിറയ്ക്കുകയും തളര്‍ന്നുവീഴുമോയെന്ന ആശങ്ക ഉണ്ടാകുകയും ചെയ്തപ്പോള്‍ താന്‍ അടുത്തുചെന്ന് സംസാരിച്ചെന്നും ഉജ്ജ്വല്‍ നികം ഓര്‍മ്മിച്ചു. ഗുല്‍ഷന്‍ കുമാര്‍ വധക്കേസില്‍ സംഗീത സംവിധായകന്‍ നദീം സെയ്ഫിയെ ലണ്ടനില്‍ നിന്ന് വിട്ടുകിട്ടാനുള്ള ശ്രമം ലണ്ടന്‍ ഹൈക്കോടതി തള്ളിയതിനെക്കുറിച്ചും, മതപരമായ കാരണങ്ങളാല്‍ ഇന്ത്യയില്‍ നീതി ലഭിക്കില്ലെന്ന വാദം കോടതിയില്‍ ഉയര്‍ന്നതിനെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.

പൊലീസും പ്രോസിക്യൂട്ടര്‍മാരും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്താന്‍ നിയമവ്യവസ്ഥയില്‍ പരിഷ്‌കാരങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ ജീവിതവും 26/11 വിചാരണയും ആസ്പദമാക്കി പുറത്തിറങ്ങിയ 'പ്രഹാര്‍: ദ ഉജ്ജ്വല്‍ നികം സ്റ്റോറി' എന്ന ചിത്രത്തിലെ 99 ശതമാനം കാര്യങ്ങളും സത്യമാണെന്നും, ജോലിത്തിരക്കിന്റെ പേരില്‍ മകനുമായി തര്‍ക്കങ്ങളുണ്ടായിട്ടുണ്ടെങ്കിലും സിനിമയില്‍ കാണിച്ചത്ര രൂക്ഷമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.