മുംബൈയിൽ സിഎൻജി വില 1.50 രൂപ കൂട്ടി

 

representative image

Mumbai

11 മാസത്തിനിടെ എട്ടാം തവണയും വില വർധന; മുംബൈയിൽ സിഎൻജി വില 1.50 രൂപ കൂട്ടി

ഒരു കിലോ സിഎൻജിയുടെ വില 91.50 രൂപയായി ഉയർന്നു

Sarath Nath MS

മുംബൈ: മുംബൈയിലും സമീപ പ്രദേശങ്ങളിലും സിഎൻജി വില വീണ്ടും വർധിപ്പിച്ചു. കിലോയ്ക്ക് 1.50 രൂപയാണ് മഹാനഗർ ഗ്യാസ് ലിമിറ്റഡ് (എംജിഎൽ) വർധിപ്പിച്ചത്. ഇതോടെ ഒരു കിലോ സിഎൻജിയുടെ വില 91.50 രൂപയായി ഉയർന്നു. നവംബർ 15 മുതൽ പുതിയ വില പ്രാബല്യത്തിൽ വന്നു.

ഈ വർഷം ഇതുവരെ എട്ട് തവണയാണ് മുംബൈയിൽ സിഎൻജി വില വർധിപ്പിച്ചത്. ജനുവരിയിൽ കിലോയ്ക്ക് 80.50 രൂപയായിരുന്നു വില. ഏറ്റവും പുതിയ വർധനയോടെ 11 മാസത്തിനിടെ 11 രൂപയുടെ വർധനവാണ് ഉണ്ടായത്. ഏകദേശം 14 ശതമാനമാണ് വില ഉയർന്നത്.

ഗ്യാസ് സംഭരണത്തിനും വിതരണത്തിനുമായി ചെലവാകുന്ന തുക വർധിച്ചതാണ് വിലവർധനയ്ക്ക് കാരണമെന്ന് എംജിഎൽ അറിയിച്ചു. പശ്ചിമേഷ്യയിലെ പ്രതിസന്ധി, ആഭ്യന്തര പ്രകൃതിവാതക വിഹിതത്തിലെ കുറവ്, വിലകൂടിയ ഇറക്കുമതി വാതകത്തെ കൂടുതൽ ആശ്രയിക്കേണ്ടിവരുന്നത് എന്നിവ കമ്പനിയുടെ ചെലവ് വർധിപ്പിച്ചിട്ടുണ്ട്.

വിലവർധന ഓട്ടോറിക്ഷ, ടാക്സി ഉടമകൾക്കും സിഎൻജി ഉപയോഗിക്കുന്ന സ്വകാര്യ വാഹന ഉടമകൾക്കും അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കും.