മുംബൈ ശിവാജി പാർക്കിൽ സമരത്തിന് നേതൃത്വം നൽകുന്ന സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ
മുംബൈ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) സ്ഥാപകന്‍ അഭിജീത് ദിപ്കെ പ്രഖ്യാപിച്ച 'ജയില്‍ ഭരോ ആന്ദോളന്‍' വെള്ളിയാഴ്ച ഗാന്ധിജയന്തി ദിനത്തില്‍ മുംബൈ ശിവാജി പാര്‍ക്കില്‍ ആരംഭിച്ചു. ദാദറിലെ ശിവാജി പാര്‍ക്കിന്‍റെ ആറാം നമ്പര്‍ ഗേറ്റിലാണ് സമരം. വൈകിട്ട് നാലിനാണ് സമരത്തിന് തുടക്കമായത്. സമരത്തിന് നേതൃത്വം നൽകാൻ അഭിജീത് ദിപ്കെ, സിജെപിയുടെ ദേശീയ നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവർ ശിവാജി പാർക്കിൽ എത്തിയിട്ടുണ്ട്.
സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സെലിബ്രിറ്റികളുമെത്തി. ബോളിവുഡ് താരങ്ങളായ നസറുദീൻ ഷാ, ഷബാന അസ്മി, ഗായകൻ വിശാൽ ദദ്‌ലാനി എന്നിവർ ശിവാജി പാർക്കിൽ എത്തി. നസറുദീൻ ഷായെ സ്വീകരിക്കുന്ന വീഡിയോ അഭിജീത് എക്സിൽ പങ്കുവച്ചു. മഹാത്മാഗാന്ധിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധിയും സമരത്തിൽ പങ്കെടുക്കാനെത്തി. നടൻ പ്രകാശ് രാജ് സമരത്തിന് ഐക്യാദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് എക്സിൽ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.
മധ്യ മുംബൈ മേഖലയിൽ പൊലീസ്, സുരക്ഷാസേന എന്നിവരെ വൻതോതിൽ വിന്യസിച്ചിരുന്നു. സമീപത്തെ ദാദർ റെയ്ൽവേ സ്റ്റേഷനിൽ നിന്നുള്ള പ്രവേശന മാർഗങ്ങളും ബാരിക്കേഡുകൾ ഉപയോഗിച്ച് തടഞ്ഞിരുന്നു. എന്നാൽ ഇതെല്ലാം മറികടന്ന് പ്രതിഷേധക്കാർ രാഷ്ട്രീയ റാലികൾക്ക് ഏറെ പ്രശസ്തമായ ശിവാജി പാർക്ക് മൈതാനത്തേക്ക് എത്തുകയായിരുന്നു. എസ്എഫ്ഐ, എഐഎസ്എഫ്) തുടങ്ങിയ സംഘടനകളുടെ പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കെടുത്തു. ശിവസേന (യുബിടി), മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) എന്നിവ സിജെപിയുടെ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ദേശീയ പതാകയും വിവിധ സന്ദേശങ്ങളടങ്ങിയ പ്ലക്കാർഡുകളുമായാണ് പ്രതിഷേധക്കാർ എത്തിയത്. ജ്ഞാനേഷ്, നിങ്ങൾക്ക് ജനാധിപത്യത്തിൽ വിശ്വാസമില്ലേ?, ജ്ഞാനു ബ്രോ, രാജി വയ്ക്കൂ തുടങ്ങിയ സന്ദേശങ്ങളാണ് പ്ലക്കാർഡുകളിലുണ്ടായിരുന്നത്.
ജ്ഞാനേഷ് കുമാർ രാജി വയ്ക്കണമെന്ന് എഴുതിയ പ്ലക്കാർഡുമായി സമരത്തിൽ പങ്കെടുക്കുന്നവർ
പ്രതിഷേധത്തെ അഭിസംബോധന ചെയ്ത അഭിജീത് ദിപ്കെ, നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ‘കഴിവുകെട്ടതാണെന്ന്’ ആരോപിച്ചു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജന്തർ മന്തറിൽ പ്രതിഷേധം നടത്തി രണ്ട് മാസത്തിനകം മറ്റൊരു പ്രതിഷേധം സംഘടിപ്പിക്കേണ്ട സാഹചര്യമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധക്കാരെ ജയിലിലടയ്ക്കാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ അഭിജീത് വെല്ലുവിളിക്കുകയും ചെയ്തു.
അതേസമയം സമരത്തിന് മുംബൈ പൊലീസ് അനുമതി നൽകിയിട്ടില്ല. കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ശിവാജി പാർക്കിൽ പൊലീസ് ഒരുക്കിയിരിക്കുന്നത്. സമരത്തിന് അനുമതി ഇല്ലാത്തതിനാൽ നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കാൻ സാധ്യതയുണ്ട്. നേരത്തെ, ഗാന്ധി ജയന്തിയുടെ ഭാഗമായി അഭിജീത് ദക്ഷിണ മുംബൈയിലെ മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയിരുന്നു.
പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ട തീരുമാനങ്ങളിലും ഉത്തരവുകളിലും തെരഞ്ഞെടുപ്പ് കമ്മിഷണർമാരായ സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവർ 10 മാസത്തിനിടെ കുറഞ്ഞത് 14 തവണ എതിർപ്പ് രേഖപ്പെടുത്തിയെന്ന സമീപകാല മാധ്യമ റിപ്പോർട്ടുകളെ തുടർന്നാണ് ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് സിജെപി സമരം പ്രഖ്യാപിച്ചത്.