ന്യൂ ബോംബെ കള്‍ച്ചറല്‍ സെന്റര്‍ കേരളപ്പിറവി ദിനാഘോഷം
നവിമുംബൈ: ന്യൂ ബോംബെ കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ കേരളപ്പിറവി ആഘോഷം സംഘടിപ്പിച്ചു. കേരളത്തിന്റെ പാരമ്പര്യവും സാംസ്കാരിക വൈവിധ്യവും പ്രവാസി മലയാളികള്‍ക്കിടയില്‍ കൂടുതല്‍ പരിചയപ്പെടുത്തുന്നതിനും പുതുതലമുറയ്ക്ക് കേരളീയ കലാരൂപങ്ങളുടെ മഹത്വം പകര്ന്നുനല്കുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ജനറല്‍ സെക്രട്ടറി മനോജ് മാളവിക പറഞ്ഞു.
ഗാനരചയിതാവ് ഇ.പി. സജീവന് ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ പി.ആര്. കൃഷ്ണന്, നോവലിസ്റ്റ് ബാലകൃഷ്ണന്, സാമൂഹിക പ്രവര്‍ത്തകനും വ്യവസായിയുമായ എം.കെ. നവാസ് എന്നിവരെ ചടങ്ങില്‍ പുരസ്കാരങ്ങള്‍ നല്കി ആദരിച്ചു. ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന സാഹിത്യ വിവര്‍ത്തക ലീലാ സര്‍ക്കാരിന് സംഘാടകര്‍ വീട്ടിലെത്തിയാണ് പുരസ്കാരം സമ്മാനിച്ചത്. സാഹിത്യകാരന് സി.പി. കൃഷ്ണകുമാര്‍, സംഘടന പ്രസിഡന്റ് ഷൈനി ചന്ദ്രബോസ്, സെക്രട്ടറി മനോജ് മാളവിക, ട്രഷറര്‍ സുധാകരന് എന്നിവര്‍ പങ്കെടുത്തു.
സി.പി. കൃഷ്ണകുമാര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. തുടര്‍ന്ന് ഇ.പി. സജീവന് അവതരിപ്പിച്ച പാട്ടിന്റെ വഴികളിലൂടെ എന്ന സര്‍ഗാത്മക യാത്ര സദസിന്റെ ശ്രദ്ധ പിടിച്ചുപറ്റി. ഗാനരചനയുടെയും സംഗീതത്തിന്റെയും അനുഭവങ്ങള്‍ പങ്കുവച്ച അവതരണം ആസ്വാദകര്‍ക്ക് വേറിട്ട അനുഭവമായി. മാധ്യമപ്രവര്ത്തകന് പി.ആര്. സഞ്ജയ് ചടങ്ങുകള്‍ നിയന്ത്രിച്ചു.