മുംബൈ: മറാഠി-മലയാളി എത്തിനിക്ക് ഫെസ്റ്റിന്‍റെ അഞ്ചാം സീസൺ ഫെബ്രുവരി രണ്ടു മുതൽ നാലുവരെ വർളി നെഹ്‌റു സയൻസ് സെന്‍ററിൽ വച്ച് നടന്നു. മഹാരാഷ്ട്ര- കേരള കലാ സംസ്കാരിക തനിമകളെ സമന്വയിപ്പിച്ച് , പാരസ്പര്യത്തിന്‍റെയും, സാഹോദര്യത്തിന്‍റെയും പുതിയൊരു വേദി മഹാനഗരത്തിന് സമ്മാനിച്ചു കൊണ്ടാണ് ഇത്തവണത്തെ മറാഠി - മലയാളി എത്തിനിക് ഫെസ്റ്റ് സമാപിച്ചതെന്ന് മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും, ഫെസ്റ്റിവൽ കമ്മിറ്റി ഡയറക്ടറും, ആൾ മുംബൈ മലയാളി അസോസിയേഷൻ (അമ്മ) പ്രസിഡന്‍റുമായ ശ്രീ ജോജോ തോമസ് പറഞ്ഞു.
കേന്ദ്ര സർക്കാറിന്‍റെ സാംസ്കാരിക മന്ത്രാലയത്തിനു കീഴിലുള്ള നെഹ്റു സയൻസ് സെന്‍ററിന്‍റെ സഹകരണത്തോടെ ഓൾ മുംബൈ മലയാളി അസോസിയേഷനാണ് (അമ്മ) മുംബയിൽ ആദ്യമായി മറാത്തി- മലയാളി എത്തിനിക് ഫെസ്റ്റിനു രണ്ടായിരത്തി പതിനേഴിൽ തുടക്കം കുറിച്ചത്. മറാത്തി മലയാളി എത്തിനിക് ഫെസ്റ്റ് സീസൺ അഞ്ചിൽ ഇന്ത്യാ ടുഡേ മനേജിംഗ് എഡിറ്റർ എം ജി അരുൺ മുഖ്യ പ്രഭാഷണം നടത്തി.
എസ്. കെ മുരുകൻ, ഡോ. കേണൽ കാവുംമ്പാട്ട് ജനാർധനൻ, നിലേഷ് ദേശ്പാണ്ഡെ, ശ്രീമതി അനുരാധ നെരൂൾക്കർ എന്നിവർ സർട്ടിഫിക്കറ്റും ട്രോഫികളും സമ്മാനങ്ങളുംവിതരണം ചെയ്തു. ഫെസ്റ്റിന്‍റെ ഭാഗമായി മുംബൈയിലേയും പ്രാന്തപ്രദേശങ്ങളിലേയും നാനൂറ്റി മുപ്പത്തിയാറ് സ്കുളുകളിൽ നിന്നും തിരഞ്ഞെടുത്ത നൂറ്റി ഇരുപത്തിയൊന്ന് സ്കൂളുകളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് മറാഠി - മലയാളി സംസ്കാരിക വിനിമയം അടിസ്ഥാനമാക്കി 8 വിഭാഗങ്ങളിൽ മൽസരങ്ങൾ നടന്നു. പ്രശസ്ത കാർട്ടൂണിസ്റ്റ് ജയിംസ് മണലോടി, അനിതാ ജൂലിയസ്, ഡോ. നളിനി ജനാർദനൻ,നിമ്മി മാത്യു, അബ്രാഹം ലൂക്കോസ്, ആതിര മേനോൻ, വൈഷണവി,ഡോ. മഞ്ചു ജാദവ് എന്നിവർ വിധികർത്താക്കളായിരുന്നു.
മൽസര ഇനങ്ങളിൽ വിജയച്ച സ്കൂളുകൾ കൈസ്റ്റ് ചർച്ച്, ഐ.ഐ. റ്റി പവായ് , കെ. വി. എ എഫ് എസ് താനെ, അൻജുമാൻ ഗേൾസ് ഇസ്ലാം സ്കൂൾ, പവാർ ഇൻറ്റർനാഷണൽ സ്കുൾ, കെ.വി സ്കൂൾ ഭാണ്ടൂപ്പ്, ഡോ. ആൻറ്റണിയോ ഡിസിൽവ ദാദർ, ഓസിലം കോൺവൻറ്റ് സ്കൂൾ, എം ജി എം ഇൻറ്റർനാഷണൽ സ്കൂൾ. മീരാഭയന്തറിൽ നിന്ന് വന്ന ഹോളി ഏഞ്ചൽ സ്കൂളാണ് മലയാളികളുടെ പ്രാധിനിധ്യം ഉറപ്പിച്ചത്. മുബൈയിൽ ജനിച്ചു വളർന്ന പുതുതലമുറയ്ക്കും മറുനാട്ടുകാർക്കും നമ്മുടെ സംസ്ക്കാര തനിമയുടെ മൂല്യങ്ങൾ പകർന്നു നൽകുകയും അതുവഴി സാംസ്കാരിക വിനിമയത്തിന്‍റെ പൊതുധാരകൾ കണ്ടെത്തുകയുമെന്നതാണ് ഫെസ്റ്റിവലിന്‍റെ ഉദ്ദേശ ലക്ഷ്യം.
അതു കൊണ്ടു തന്നെ മൂന്നു ദിവസം നീണ്ടു നിന്ന ആഘോഷ പരിപാടികളിൽ ലാവണി, കോളി ഡാൻസ്, രംഗോളി, തുടങ്ങിയ മഹാരാഷ്ട്രയുടെ കലാരൂപങ്ങളും, മോഹിനിയാട്ടം ഒപ്പന, കേരള നടനം, കുച്ചു കുടി, നാടോടിനൃത്തങ്ങൾ, തുടങ്ങിയ കലകളും ക്ഷണിക്കപ്പെട്ട സദസിനു മുന്നിൽ അവതരിപ്പിക്കുവാൻ മുംബൈയിലെ കലാകാരൻമാർക്കും കലാകാരികൾക്കും അവസരം നൽകി. ഇരു സംസ്ഥാനങ്ങളുടേയും സാംസ്ക്കാരിക പാരമ്പര്യം വിളിച്ചോതുന്ന തരത്തിലാണ് പരിപാടികൾ നടത്തിയതെന്ന് ജോജോ തോമസ് അറിയിച്ചു. മറാഠി, മലയാളി കവികളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ കവി സമ്മേളനത്തിൽ ഡോ. കേണൽ കാവുംമ്പാട്ട് ജനാർധനൻ, ഫർസാന എന്നിവർ കോഡിനേറ്റർമാരായി. പ്രായവ്യത്യാസം മറന്ന് മലയാളികൾ നടത്തിയ മഹാരാഷ്ട്രയുടെ തനതായ കലയായ മംഗളഗൗരി അവതരിപ്പിച്ചത് മഹാരാഷ്ട്രക്കാരായ ആസ്വാദകരുടെ മനം കവർന്നു. ലാവണി നൃത്തം അവതരിപ്പിച്ച നാലുവയസുകാരി വൈശാലി കാംളെ മുതൽ എഴുപത്തിയാറ് വയസുള്ള എൽ. എൻ വേണുഗോപാൽ വരെയുള്ള എഴുന്നൂറ്റിനാൽപത്തിയെട്ട് പേർ വിവിധ പരിപാടികളിൽ പങ്കെടുത്തു.
മലയാളികളെക്കാൾ അധികമായി പരിപാടിക്കെത്തിയത് മറ്റുള്ളവരായിരുന്നുവെന്നത് സംസ്കാരിക വിനിമയം നടക്കുന്നതിന്‍റെ തെളിവായി കാണുവാൻ കഴിയുമെന്ന് സംഘാടകർ സൂചിപ്പിച്ചു. കേരളീയ ഉത്സവങ്ങൾ അനവധി നടക്കുന്ന ഈ മഹാനഗരിയിൽ, അതിനപ്പുറം അർത്ഥവത്തായ കേരളത്തിന്‍റെ സംസ്കാരിക വിനിമയ പൈതൃക സംമ്പർക്കം സാധ്യമാവുന്നതിനാണ് മുബൈയിൽ മറാഠി-മലയാളി എത്തിനിക്ക് ഫെസ്റ്റിവൽ നടത്തുന്നതെന്നും, രണ്ടായിരത്തി പതിനേഴു മുതൽ നടന്നുവരുന്ന ഈ പരിപാടിയുടെ തുടർച്ചയായി നടക്കുന്ന മറാഠി-മലയാളി എത്തിനിക്ക് ഫെസ്റ്റിന് മുൻ കേരളാ അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, മുൻ മഹാരാഷ്ട്ര റെവന്യു മന്ത്രി ബാലാസാഹിബ് തോറാട്ട്, മഹാരാഷ്ട്ര നിയമസഭ പ്രതിപക്ഷ നേതാവ് വിജയ് വാട്ടിതിവാർ, മുൻ മന്ത്രിയും മുംബെ മേയറുമായിരുന്ന ചന്ദ്രകാന്ദ് ഹണ്ടോരെ എന്നിവരുടെ ആശംസകൾ എത്തിയത് തങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നതായി അമ്മ ഭാരവാഹികൾ പറഞ്ഞു