കുരുന്നു മനസുകളിൽ അറിവും അലിവും കോർത്ത് നവ്യാനുഭവമായി സീവുഡ്സ് സമാജത്തിന്‍റെ കളിമുറ്റം 
Mumbai

കുരുന്നു മനസുകളിൽ അറിവും അലിവും കോർത്ത് നവ്യാനുഭവമായി സീവുഡ്സ് സമാജത്തിന്‍റെ കളിമുറ്റം

ക്യാമ്പിൽ നങ്ങേലിയുടെ മാങ്ങാക്കടയും നീലിയുടെ നെല്ലിക്ക കടയുമുണ്ടായിരുന്നു.

നീതു ചന്ദ്രൻ

നവി മുംബൈ: അറിവും അലിവും നാടൻപാട്ടും തനതു നാടകവും ഓർമ്മപ്പെയ്ത്തും എല്ലാം ഒരുമിച്ചതോടെ സീവുഡ്സ് മലയാളി സമാജം നടത്തിയ 'കളിമുറ്റം' എന്ന കുട്ടികളുടെ ക്യാമ്പ് നവ്യാനുഭവമായി മാറി. സീവുഡ്സ് മലയാളി സമാജത്തിന്‍റെ കളിമുറ്റം എന്ന ക്യാമ്പിലേക്ക് പൊടുന്നനെയാണ് അന്ധയായ ഒരു സ്ത്രീ വന്നു കയറിയത്. വടി കൊണ്ട് വഴിയിലെ തടസ്സങ്ങൾ മറി വരുന്ന അവരെ കണ്ട് കുട്ടികൾ ഓടിയടുത്തു കൈ പിടിച്ച് സഹായഹസ്തങ്ങൾ നീട്ടി. മുകളിലെ നിലയിൽ നടക്കുന്ന മെഡിക്കൽ ക്യാമ്പിലേക്ക് വന്ന അന്ധവനിതയെന്ന് കരുതിയാണ് അവർ സഹായിക്കാൻ ഓടി ചെന്നത്. പക്ഷെ കുട്ടികളുടെ ക്യാമ്പുണ്ടെന്നറിഞ്ഞ് വന്നതായിരുന്നു എന്നവർ പറഞ്ഞപ്പോൾ കുട്ടികൾ അവരെ അവർക്കിടയിലിരുത്തി.

ഒടുവിൽ അവർ ആരെന്ന് പറഞ്ഞു. ഹെലൻ കെല്ലർ! കൂടി നിന്ന കുട്ടികൾ ചോദ്യങ്ങളുതിർത്തു. ഹെലൻ കെല്ലറായി വന്ന അധ്യാപിക ഷീജ നായർ അന്ധർക്കായി പുതു വഴികൾ തീർത്ത ഹെലൻ കെല്ലറിന്‍റെ ജീവിത കഥ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. അന്ധയും ബധിരയുമായ ഹെലൻ കെല്ലറിന്‍റെ സുധീരമായ പോരാട്ടങ്ങൾ വെല്ലുവിളികളേയും പ്രതിബന്ധങ്ങളേയും തരണം ചെയ്യാനുള്ള ഊർജ്ജം പകർന്നാണ് ഷീജ നായരെന്ന അധ്യാപിക മടങ്ങിയത്.

മികച്ച ഭാവാഭിനയത്തിലൂടെ ഹെലൻ കെല്ലറിന്‍റെ കഥ പറഞ്ഞ ഷീജ നായർ വേഷമഴിച്ച് സ്വന്തം രൂപത്തിൽ വന്നപ്പോഴാണ് കുട്ടികൾക്ക് അവരന്ധയല്ലെന്ന് മനസ്സിലായത്.

കളിമുറ്റം തുടങ്ങിയത് നിധി വേട്ടയോടെയാണ്. അനൂപ് കുമാർ കളത്തിൽ, നേഹ അനൂപ് എന്നിവരുടെ നേതൃത്വത്തിൽ ഇന്ത്യയുടെ ഭൂപടവും സ്വാതന്ത്ര്യ സമരവും അടിസ്ഥാനമാക്കിയായിരുന്നു ട്രഷർ ഹണ്ട്. പുറമ്പോക്ക് സ്ഥലത്ത് സീവുഡ്സ് മലയാളി സമാജം ഒരുക്കിയ ഹരിതാഭമായ കൃഷി സ്ഥലത്തായിരുന്നു നിധി വേട്ട.

യുവ നാടൻപാട്ടുകാരനായ അഭിനവ് ഹരീന്ദ്രനാഥിന്‍റെ നേതൃത്വത്തിൽ കുട്ടികൾ പാട്ടുകൾ പാടിയും പഠിക്കുകയും ചെയ്തു. നാടും നായാട്ടും നാടകവും വരുന്ന നാടൻപാട്ടുകൾ കൂടെ പാടിയും ആടിയുമാണ് അഭിനവ് കളിമുറ്റത്തെ സർഗ്ഗാത്മകമാക്കിയത്.

കാവാലം നാരായണപ്പണിക്കരുടെ അവനവൻ കടമ്പയെ ആധാരമാക്കി സമാജം നൃത്താധ്യാപിക സുസ്മിത രതീഷും നർത്തകിമാരായ സൂക്തി അരുണും ആഷ്നി അശോകും നൃത്തശില്പത്തിന്‍റെ പരിശീലനമൊരുക്കിയത് ശ്രദ്ധേയമായി. മൂന്നു സംഘങ്ങളായി തരം തിരിച്ച് പാട്ടു പരിഷകളും, ആട്ടപ്പണ്ടാരങ്ങളും ചിത്തിരപ്പെണ്ണുമൊക്കെ അടങ്ങുന്ന കുട്ടികളുടെ സംഘത്തെ തന്മയത്വത്തോടെയാണ് സുസ്മിതയും സൂക്തിയും ആഷ്നിയും പരിശീലിപ്പിച്ചത്.

ക്യാമ്പിൽ നങ്ങേലിയുടെ മാങ്ങാക്കടയും നീലിയുടെ നെല്ലിക്ക കടയുമുണ്ടായിരുന്നു. നെല്ലിക്ക കഴിച്ച് വെള്ളം കുടിക്കുമ്പോൾ കിട്ടുന്ന മധുരവും മാങ്ങ കുത്തി മുളകും ഉപ്പും കൂട്ടി കഴിക്കുന്ന രുചിക്കൂട്ടും പരിചയപ്പെടുത്താനായിരുന്നു വിമല സുരേന്ദ്രന്‍റെയും ലീന പവനന്‍റെയും കടകൾ കളിമുറ്റത്ത് പ്രത്യക്ഷപ്പെട്ടത്. വിസ്മൃതിയിലാണ്ട "പൂപറിക്കാൻ പോരുമോ പോരുമോ അതി രാവിലെ?" എന്ന വിനോദം വിമല സുരേന്ദ്രന്‍റെ നേതൃത്വത്തിൽ അരങ്ങേറി. കളിമുറ്റത്തിൽ കുട്ടികൾക്ക് ഓല കൊണ്ട് ഓലപ്പീപ്പിയും, ഓലക്കണ്ണാടിയും, പ്ലാവിലക്കിരീടവും, ഓല വാച്ചും, കാറ്റാടിയുമായി വി ആർ രഘുനന്ദൻ കുട്ടികളെ കയ്യിലെടുത്തു. രഘുനന്ദന്‍റെ കൂടെ കരകൗശല വസ്തുക്കളുമായി സനൽ കുമാർ കുറുപ്പും ഇ കെ സുനിലും പ്രദീപ് മാധവനും ചേർന്നു.

അധ്യാപിക ആശ മണി പ്രസാദിന്‍റെ നേതൃത്വത്തിൽ കുട്ടികൾ ഒടുവിൽ പോസ്റ്റുകാർഡിൽ നാട്ടിലെ അപ്പൂപ്പനും അമ്മൂമ്മയ്ക്കും കളിമുറ്റത്തിന്‍റെ വിശേഷങ്ങളെഴുതി. കളിമുറ്റത്തിന്‍റെ അതിരിൽ നിന്ന് മടങ്ങുമ്പോൾ കൈ നിറയെ മധുരം സമ്മാനിച്ചാണ് സീവുഡ്സ് മലയാളി സമാജം കുട്ടികളെ യാത്രയയച്ചത്.

ഉഷ ശ്രീകാന്ത്, രാജീവ് നായർ, എൻ ഐ ശിവദാസൻ, രാജേന്ദ്രൻ നമ്പ്യാർ, രമണിയമ്മ ഓതറ, രാജൻ നമ്പ്യാർ, ആദർശ്, സദാനന്ദൻ, പി ജി ആർ നായർ, ലിനി രാജേന്ദ്രൻ, ലത രമേശൻ, ജയശ്രീ നായർ, അനിൽ കുമാർ, ലൈജി വർഗ്ഗീസ്,

ഡോ മിഥില രാജ് എന്നിവർ കളിമുറ്റത്തിന്‍റെ സഹയാത്രികരായി. പി ആർ സഞ്ജയാണ് കളിമുറ്റത്തിന്‍റെ രൂപകല്പനയും നിയന്ത്രണവും നിർവ്വഹിച്ചത്.

ഹരിയാനയിൽ കൂട്ട ബലാത്സംഗം; പീഡനത്തിന് ശേഷം യുവതിയെ റോഡിലേക്ക് വലിച്ചെറിഞ്ഞു

ഇന്ത‍്യ -പാക് സംഘർഷം അവസാനിപ്പിക്കാൻ മധ‍്യസ്ഥത വഹിച്ചെന്ന് ചൈന

ഉത്തരാഖണ്ഡിൽ തുരങ്കത്തിനുള്ളിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു; 60 പേർക്ക് പരുക്ക്

നാലു വയസുകാരന്‍റെ കൊലപാതകം; അമ്മയുടെ ആൺ സുഹൃത്ത് അറസ്റ്റിൽ

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പരാമർശം; എം. സ്വരാജിനെതിരായ പരാതിയിൽ കോടതി റിപ്പോർട്ട് തേടി