അപകടത്തിൽപ്പെട്ട കാർ
മുംബൈ: അതിവേഗത്തിൽ സഞ്ചരിച്ച ആഡംബര കാർ പാലത്തിൽ നിന്ന് താഴേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. മുംബൈ കോസ്റ്റൽ റോഡിൽ ഞായറാഴ്ച പുലർച്ചെയാണ് സംഭവം.
ഷാനയ് ഗജ്ജാൾ (21), ദാരിയ ദർശൻ സേത്ത് (17), ആദിത്യ ജക്സ്നിയ (19) എന്നിവരാണ് മരിച്ചത്. ആദിത്യ കൽപേശ്വർ ഓസ്‌വാൾ (23) ആണ് പരുക്കേറ്റ ആൾ. മറൈൻ ഡ്രൈവ് ഭാഗത്ത് നിന്ന് ഹാജി അലി ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന ബിഎംഡബ്ല്യു കാറാണ് അപകടത്തിൽപ്പെട്ടത്.
പാലത്തിലൂടെ അതിവേഗത്തിൽ സഞ്ചരിക്കവേ ഡ്രൈവർക്ക് കാറിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് വാഹനം പാലത്തിന്‍റെ സുരക്ഷാഭിത്തി തകർത്ത് താഴേക്ക് വീഴുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന നാല് പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്ന് പേർ മരിച്ചതായി ഡോക്റ്റർമാർ സ്ഥിരീകരിച്ചു. അപകടത്തിൽ കാർ പൂർണമായി തകർന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തു.