ജരാങ്കെയ്ക്ക് 500 കോടി; മഹാരാഷ്ട്രയില്‍ വിവാദം
മുംബൈ: മറാഠാ സംവരണ പ്രക്ഷോഭ നേതാവ് മനോജ് ജരാങ്കെ ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയില്‍ നിന്ന് 500 കോടി രൂപ കൈപ്പറ്റിയെന്ന ആരോപണത്തിന് ആധാരമായ ശബ്ദരേഖ പുറത്തുവിട്ടതിനു പിന്നാലെ മഹാരാഷ്ട്രയിലെ ഭരണകക്ഷികളായ ബിജെപിയും ശിവസേനയും തമ്മിലുള്ള പോര് രൂക്ഷമായി. വ്യാഴാഴ്ചയാണ് ജരാങ്കെ ശബ്ദരേഖ പുറത്തുവിട്ടത്. ഇതോടെ സംഭവത്തില്‍ അന്വേഷണം വേണമെന്നും ആവശ്യം ഉയര്‍ന്നു.
ശിവസേന നേതാവ് രാംദാസ് കദം, ജരാങ്കെ ബിജെപിയുമായി ചേര്‍ന്ന് ഷിന്‍ഡെയെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ഗൂഢാലോചന നടത്തുകയാണെന്ന് ആരോപിച്ചു. ശബ്ദരേഖ നിര്‍മിതബുദ്ധി ഉപയോഗിച്ച് സൃഷ്ടിച്ചതാകാമെന്ന ബിജെപിയുടെ വാദവും കദം തള്ളി. പകരം, ശബ്ദരേഖ ബിജെപി തന്നെ സൃഷ്ടിച്ചതാണെന്ന ആരോപണമാണ് അദ്ദേഹം ഉന്നയിച്ചത്.
കദമിന്റെ പരാമര്‍ശത്തിനെതിരേ ബിജെപി എംഎല്‍സി പ്രവീണ്‍ ദരേക്കര്‍ രംഗത്തെത്തി. ബിജെപി നേതാക്കള്‍ക്കെതിരേ വ്യക്തിപരമായ ആക്രമണങ്ങള്‍ നടത്തിയാല്‍ പാര്‍ട്ടി മൗനം പാലിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഭരണസഖ്യത്തിനുള്ളിലെ അഭിപ്രായവ്യത്യാസങ്ങള്‍ പരസ്യമായതോടെ വിവാദം പുതിയ തലത്തിലേക്ക് നീങ്ങുകയാണ്.
മറാഠാ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയും വിവിധ സമുദായങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കുകയും ചെയ്യുകയാണ് ജരാങ്കെയെന്നും കദം ആരോപിച്ചു. മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ടെന്‍ഡറുകളുമായി ജരാങ്കെയ്ക്ക് ബന്ധമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനോട് അടുപ്പമുള്ള നേതാവായി അറിയപ്പെടുന്ന ദരേക്കറുടെ പേരും ശബ്ദരേഖയില്‍ പരാമര്‍ശിക്കുന്നുണ്ടെന്നും കദം പറഞ്ഞു.
വിവാദ ശബ്ദരേഖയുടെ ആധികാരികത വ്യക്തമാക്കാന്‍ ഫോറന്‍സിക് പരിശോധന നടത്തണമെന്ന് കദം ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് എന്നിവര്‍ക്ക് കത്തയച്ചതായും അദ്ദേഹം പറഞ്ഞു.