വസായ് ശബരിഗിരി അയ്യപ്പ ക്ഷേത്രത്തിൽ നൽകിയ സ്വീകരണത്തിൽ ശബരിമല നിയുക്ത മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി സംസാരിക്കുന്നു.
വസായ്: ഹൈന്ദവ ധർമ്മങ്ങളും ആചാരാനുഷ്ഠാനങ്ങളും നിലനിർത്തുന്നതിൽ ക്ഷേത്രങ്ങളുടെ പങ്ക് വളരെ വലുതാണെന്നും സനാതന ധർമ്മവും ഹൈന്ദവ വിശ്വാസങ്ങളും വിവിധ ഭാഗങ്ങളിൽ നിന്ന് ഭീഷണി നേരിടുന്ന കാലഘട്ടത്തിൽ ഹൈന്ദവ സമൂഹത്തെ ഒന്നിപ്പിക്കാൻ ക്ഷേത്രങ്ങളുടെ നിലനിൽപ്പ് അത്യന്താപേക്ഷിതമാണെന്നും നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി. വസായ് ശബരിഗിരി അയ്യപ്പ ക്ഷേത്രത്തിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയിൽ പൂജചെയ്യാൻ അവസരം കിട്ടിയത് ഗുരുജനങ്ങളുടേയും പഴവങ്ങാടി ഗണപതിയുടേയും അനുഗ്രഹം കൊണ്ടാണെന്നും മേൽശാന്തി പറഞ്ഞു. ഭക്തൻ തന്നെ ദൈവമായി മാറുന്ന ഏറെ വിശിഷ്ടമായ ക്ഷേത്രമാണ് ശബരിമല. തത്വമസി എന്ന ഉപനിഷത് വാക്യം സാർത്ഥകമാക്കുന്ന ഏക ക്ഷേത്രമാണ് ശബരിമല. വസായിയിൽ അയ്യപ്പ ക്ഷേത്രം സഫലമാകാൻ വേണ്ടി പ്രവർത്തിച്ചവരെ ആദരപൂർവ്വം സ്മരിക്കുന്നു മേൽശാന്തി കൂട്ടിച്ചേർത്തു.
വസായിയിൽ എത്തിയ മേൽശാന്തിയെ ശബരിഗിരി അയ്യപ്പ ക്ഷേത്രം മേൽശാന്തി വിശ്വനാഥൻ നമ്പൂതിരി തുളസി മാലയിട്ട് സ്വീകരിച്ചു. സുമ പൊതുവാൾ, പത്മ ദിവാകരക്കുറുപ്പ് എന്നിവർ ആരതിയുഴിഞ്ഞു. തുടർന്ന് നൂറുകണക്കിന് സ്ത്രീകളുടെ താലപ്പൊലിയുടേയും മേളങ്ങളുടെയും അകമ്പടിയോടെ മേൽശാന്തിയെ ക്ഷേത്രത്തിലേക്ക് ആനയിച്ചു.
സ്വീകരണച്ചടങ്ങിൽ ക്ഷേത്രം പ്രസിഡന്റ് ടി.എസ്.ആർ. നായർ അധ്യക്ഷത വഹിച്ചു. ക്ഷേത്രം ജനറൽ സെക്രട്ടറി എ.കെ. പ്രഭാകരൻ, വൈസ് പ്രസിഡന്റ് ദിനേശ് നായർ, ഗുരുസ്വാമി എം.എസ്. നായർ തുടങ്ങിയവർ പങ്കെടുത്തു.
മഹാരാഷ്ട്രയിൽ ആദ്യമായി നിയുക്ത മേൽശാന്തി വസായിയിൽ എത്തിയത് ഉത്തം കുമാറിന്റെ ശ്രമഫലമായാണെന്ന് സ്വാഗതഭാഷണത്തിൽ എ.കെ. പ്രഭാകരൻ സൂചിപ്പിച്ചു. ഉത്തം കുമാർ മേൽശാന്തിയെ സദസിന് പരിചയപ്പെടുത്തി. മേൽശാന്തി വസായിയിൽ എത്തിയത് ഒരു നിമിത്തമാണെന്നും ഇതാദ്യമായാണ് മലകയറാൻ പോകുന്ന നിയുക്ത മേൽശാന്തി മഹാരാഷ്ട്രയിൽ എത്തുന്നതെന്നും ഇത് വസായ് നിവാസികളുടെ സൗഭാഗ്യമാണെന്നും ഉത്തം കുമാർ പറഞ്ഞു.
അയ്യപ്പ സേവാസമിതിക്കു വേണ്ടി ടി.എസ്.ആർ നായർ, സെക്രട്ടറി എ.കെ. പ്രഭാകരൻ, ഗുരുസ്വാമി എം.എസ്. നായർ, നായർ വെൽഫേർ അസോസിയേഷനു വേണ്ടി പ്രഭ പി. നായർ, ബാലകൃഷ്ണൻ, വിശ്വകർമ്മ സമാജത്തിനുവേണ്ടി വിനോദ്കുമാർ, നല്ല സൊപ്പാര ചെറു ശബരിമല ക്ഷേത്രത്തിനുവേണ്ടി പ്രസിഡന്റ് ശ്രീകുമാർ നായർ എന്നിവർ നിയുക്ത മേൽശാന്തിക്ക് ഷാൾ അണിയിച്ചു. ദിനേശ് നായർ നന്ദി പറഞ്ഞു.
വിമാനത്താവളത്തിലെത്തിയ നിയുക്ത മേൽ ശാന്തിയെ മുൻ കേന്ദ്രീയ നായർ സാംസ്ക്കാരിക സംഘ് മുൻ പ്രസിഡന്റ് കെ.ജി.കെ. കുറുപ്പ്, കെ.ബി. ഉത്തംകുമാർ, ബിജെപി സൗത്ത് ഇന്ത്യൻ സെൽ മുംബൈ സെകട്ടറി വിജയ് ഷെട്ടി, ശ്രീകുമാർ ജി. നായർ എന്നിവർ ചേർന്ന് സ്വീകരിച്ചു. അദ്ദേഹത്തോടൊപ്പം അമ്മ വത്സല അന്തർജ്ജനവും സഹോദരൻ പ്രവീൺകുമാർ നമ്പൂതിരിയും ഉണ്ടായിരുന്നു.