ധാരാവി

 
Mumbai

ധാരാവി പുനര്‍വികസന പദ്ധതിക്ക് തുടക്കമായി

ആദ്യഘട്ടത്തില്‍ അദാനി ഗ്രൂപ്പ് നിക്ഷേപിക്കുന്നത് 40,000 കോടിയിലധികം രൂപ

Mumbai Correspondent

മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരി പ്രദേശങ്ങളിലൊന്നായ ധാരാവിയുടെ നഗര പുനര്‍വികസന പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അദാനി ഗ്രൂപ്പ് തുടക്കം കുറിച്ചു. ധാരാവിയിലെ 10 ലക്ഷത്തോളം വരുന്ന ജനങ്ങള്‍ക്കായി 2 ലക്ഷത്തോളം വീടുകള്‍ നിര്‍മിച്ചു നല്‍കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഏകദേശം 40,000 കോടിയിലധികം രൂപ നിക്ഷേപിക്കുമെന്ന് അദാനി എന്റര്‍പ്രൈസസ് ഡയറക്ടര്‍ പ്രണവ് അദാനി പറഞ്ഞു. പദ്ധതിയുടെ ആദ്യഘട്ട വികസനം പൂര്‍ത്തിയാകാന്‍ ഏഴ് വര്‍ഷത്തോളം സമയമെടുക്കും.

മാട്ടുംഗയിലെ പദ്ധതി പ്രദേശത്ത് നടന്ന ഭൂമിപൂജയോടെ പുനരധിവാസ ഫ്ലാറ്റുകളുടെ നിര്‍മാണത്തിന് ഔദ്യോഗികമായി തുടക്കമായി. മഹാരാഷ്ട്ര സര്‍ക്കാരും അദാനി ഗ്രൂപ്പും ഓഹരി പങ്കാളികളായി രൂപീകരിച്ച അദാനി നവഭാരത് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പ്രത്യേക കമ്പനിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ചേരിനിവാസികള്‍ക്ക് ആധുനിക സൗകര്യങ്ങളുള്ള സുരക്ഷിതമായ പാര്‍പ്പിടം ഒരുക്കുന്നതിനൊപ്പം വ്യവസായ വാണിജ്യ സംരംഭങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ ധാരാവിയെ മാറ്റുന്ന വിധത്തിലാണ് പദ്ധതി

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച മാതുംഗയിലെ ഭൂമിയില്‍ 10 കൂറ്റന്‍ റസിഡന്‍ഷ്യല്‍ ടവറുകളാണ് ഉയരുക. ഇതില്‍ 10,432 പുനരധിവാസ അപ്പാര്‍ട്ട്മെന്റുകളും 1,379 വാണിജ്യ-വ്യവസായ യൂണിറ്റുകളും ഉള്‍പ്പെടും. ധാരാവിയിലെ 600 ഏക്കറിലധികം വിസ്തൃതിയുള്ള പ്രദേശമാണ് പ്രധാനമായും പുനര്‍വികസിപ്പിക്കുന്നത്. ഇതിനുപുറമെ പ്രാന്തപ്രദേശങ്ങളിലെ ഭൂമി കൂടി ചേരുമ്പോള്‍ ആയിരം ഏക്കറോളം വരുന്ന ഭൂപ്രദേശത്താണ് വികസന പദ്ധതികള്‍ നടപ്പാക്കുന്നത്.

നിലവിലെ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഓരോ അര്‍ഹരായ കുടുംബത്തിനും 350 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഫ്ലാറ്റുകള്‍ ലഭിക്കും. റോഡുകള്‍, കുടിവെള്ള വിതരണം, ശുചിത്വ സംവിധാനങ്ങള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, സ്‌കൂളുകള്‍, വിനോദ കേന്ദ്രങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ നഗരത്തിന് അകത്തുതന്നെ വിഭാവനം ചെയ്തിട്ടുണ്ട്.

പ്രദേശത്തെ ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി മൂന്ന് മെട്രോ സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്ന മള്‍ട്ടി-മോഡല്‍ ട്രാന്‍സിറ്റ് ഹബ്ബും പദ്ധതിയുടെ ഭാഗമായി നിര്‍മിക്കും. അടുത്തുള്ള ബിസിനസ് കേന്ദ്രമായ ബാന്ദ്ര-കുര്‍ള കോംപ്ലക്സുമായി എളുപ്പത്തില്‍ ബന്ധപ്പെടാന്‍ സാധിക്കുന്ന രീതിയിലാണ് റോഡുകളും മറ്റും നിര്‍മിക്കുന്നത്.