അദാനിക്ക് വേണ്ടി സര്ക്കാരിന്റെ കള്ളക്കളി
മുംബൈ: മഹാരാഷ്ട്രയിലെ സത്താറ ജില്ലയില്‍ അദാനി ഗ്രൂപ്പിന്റെ 1,500 മെഗാവാട്ട് ശേഷിയുള്ള പമ്പ്ഡ് സ്റ്റോറേജ് ജലവൈദ്യുത പദ്ധതിയുടെ ചെലവ് 99 ശതമാനം കുറച്ചതിനെച്ചൊല്ലി കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്.
കഴിഞ്ഞ വര്‍ഷം 5,675 കോടി രൂപ ചെലവ് പ്രതീക്ഷിച്ചിരുന്ന പദ്ധതിയുടെ തുക ഒറ്റയടിക്ക് 56.75 കോടി രൂപയായി കുറച്ചതിനെ വന്‍ അഴിമതിയെന്ന് വിശേഷിപ്പിച്ച കോണ്‍ഗ്രസ്, അദാനി ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി (ജെ.പി.സി) അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു.
സത്താറ ജില്ലയിലെ 1,500 മെഗാവാട്ട് ജലവൈദ്യുതി പദ്ധതിയുടെ ചെലവാണ് 5,675 കോടി രൂപയില്‍ നിന്ന് 56.75 കോടി രൂപയായി അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് സത്യവാങ്മൂലത്തിലൂടെ കുറച്ചത്.
വനം വന്യജീവി സംരക്ഷണ ഫണ്ടിലേക്ക് (പദ്ധതിച്ചെലവിന്റെ 4%) കമ്പനി നല്‍കേണ്ടിയിരുന്ന തുക വെട്ടിക്കുറയ്ക്കാനാണ് ഈ തിരിമറി നടത്തിയതെന്നാണ് പ്രധാന ആരോപണം. 227 കോടി രൂപ നല്‍കേണ്ടിയിരുന്ന സ്ഥാനത്ത് ഇത് വെറും 2.275 കോടി രൂപയായി ഇതോടെ കുറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.