ബോംബെ കേരളീയ സമാജം നിവേദനം നല്‍കി
മുംബൈ: നോര്‍ക്ക കെയര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ അടുത്തിടെ വരുത്തിയ വര്‍ധന പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ബോംബെ കേരളീയ സമാജം പ്രതിനിധി സംഘം കേരള ഹൗസിലെത്തി നിവേദനം നല്‍കി. കേരള സര്‍ക്കാര്‍ ഡെപ്യൂട്ടി സെക്രട്ടറിയും നോര്‍ക്ക ഡെവലപ്മെന്റ് ഓഫീസറുമായ ആര്‍.ബി. അരുണിനാണ് നിവേദനം നൽകിയത്.
പുതിയ പ്രീമിയം നിരക്കുകള്‍ സാധാരണക്കാരും ഇടത്തരക്കാരുമായ പ്രവാസികള്‍ക്ക് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതായി പ്രതിനിധി സംഘം ചൂണ്ടിക്കാട്ടി. വര്‍ധനയുടെ അശാസ്ത്രീയതയും പ്രവാസി കുടുംബങ്ങള്‍ നേരിടുന്ന പ്രയാസങ്ങളും വിശദമായി അവതരിപ്പിച്ചു.
സമാജം ഭരണസമിതിയുടെ തീരുമാനപ്രകാരം കേരള മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും നല്‍കിയ നിവേദനങ്ങളുടെ പകര്‍പ്പുകളും അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി. വിഷയം അനുഭാവപൂര്‍വം ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ആര്‍.ബി. അരുണ്‍ ഉറപ്പുനല്‍കിയതായി സമാജം അറിയിച്ചു.
സമാജം സെക്രട്ടറി എ.ആര്‍. ദേവദാസ്, മുന്‍ സെക്രട്ടറി പ്രേമരാജന്‍ നമ്പ്യാര്‍, യുവജന വിഭാഗം കണ്‍വീനര്‍ അല്‍ബന്‍ കുമാര്‍ എന്നിവര്‍ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു. നോര്‍ക്ക റൂട്ട്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ബോംബെ കേരളീയ സമാജം നല്‍കിവരുന്ന പിന്തുണയും സമാജത്തിന്റെ വിവിധ സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും സെക്രട്ടറി അധികൃതരെ പരിചയപ്പെടുത്തി.
പ്രവാസികള്‍ക്ക് താങ്ങാനാകുന്ന നിരക്കില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കണമെന്ന ആവശ്യവുമായി സമാജം പ്രതിഷേധവും ഇടപെടലുകളും തുടരുകയാണ്.