വാടകഫ്‌ലാറ്റില്‍ 3 സഹോദരങ്ങള്‍ ജീവനൊടുക്കിയ നിലയില്‍
മുംബൈ: മഹാരാഷ്ട്രയില്‍ വിരാര്‍ വെസ്റ്റിലുള്ള വാടക ഫ്‌ലാറ്റില്‍ മൂന്ന് സഹോദരങ്ങളെ മരിച്ചനിലയില്‍ കണ്ടെത്തി. ഒരു സഹോദരിയും രണ്ട് സഹോദരൻമാരുമാണ് മരിച്ചത്. വിഷംകഴിച്ച് ജീവനൊടുക്കിയ നിലയിലാണ് കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയും ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ദീപേഷ് മേത്ത (52), കുമാര്‍ മേത്ത (50), ഖേവന മേത്ത (48) എന്നിവരാണ് മരിച്ച സഹോദരങ്ങള്‍. ഒരാള്‍ കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മറ്റൊരാള്‍ പക്ഷാഘാതം വന്ന് കിടപ്പിലായിരുന്നെന്നും പൊലീസ് പറഞ്ഞു.
വിരാറിലെ ഗ്ലോബല്‍ സിറ്റിയിലുള്ള ഗാര്‍ഡന്‍ അവന്യൂവിലെ വാടകവീട്ടിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫ്‌ലാറ്റില്‍ നിന്ന് രൂക്ഷമായ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് വാതില്‍ പൊളിച്ച് അകത്തുകടന്നപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് മൂന്നോ നാലോ ദിവസത്തെ പഴക്കമുണ്ട്. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.