ദോശയില്‍ എലിയെന്ന പരാതിയില്‍ ട്വിസ്റ്റ് ; രണ്ട് യുവതികള്‍ അറസ്റ്റില്‍

 
Mumbai

ദോശയില്‍ എലിയെന്ന പരാതിയില്‍ ട്വിസ്റ്റ് ; രണ്ട് യുവതികള്‍ അറസ്റ്റില്‍

25 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് കേസ്

Mumbai Correspondent

മുംബൈ: ബോറിവലിയിലെ ഹോട്ടലില്‍ നിന്ന് വാങ്ങിയ ദോശയില്‍ ചത്ത എലിയെ കണ്ടെത്തിയെന്ന പരാതിയില്‍ നാടകീയ വഴിത്തിരിവ്. ഹോട്ടല്‍ ഉടമയില്‍ നിന്ന് 25 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ രണ്ട് യുവതികളെ ബോറിവ്‌ലി പൊലീസ് അറസ്റ്റ് ചെയ്തു.

ബോറിവ്‌ലി വെസ്റ്റ് ലിങ്ക് റോഡിലെ രാധാകൃഷ്ണ ഹോട്ടലില്‍ സെപ്റ്റംബര്‍ 24ന് മൈസൂര്‍ മസാല ദോശ കഴിക്കുന്നതിനിടെ ചത്ത എലിയെ കണ്ടെത്തിയെന്നായിരുന്നു യുവതികളുടെ പരാതി. സംഭവത്തെ തുടര്‍ന്ന് എഫ്ഡിഎ ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

തുടര്‍ന്ന് പരാതി ഒത്തുതീര്‍പ്പാക്കാന്‍ ഹോട്ടല്‍ ഉടമയോട് 25 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് തുക ഏഴ് ലക്ഷമായി കുറച്ചെന്നും ഒരു ലക്ഷം രൂപ നല്‍കിയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി. ബാക്കി തുകയ്ക്കായി ഫോണ്‍വിളികളും സന്ദേശങ്ങളും തുടര്‍ന്നതിനെ തുടര്‍ന്ന് ഹോട്ടല്‍ ഉടമ പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ ദിവസം കേസ് രജിസ്റ്റര്‍ ചെയ്ത് യുവതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ദോശയില്‍ എലിയെ കണ്ടെത്തിയെന്ന ആദ്യ പരാതിയിലും പൊലീസ് അന്വേഷണം തുടരുകയാണ്