സിന്ധു നദീജല കരാര്‍: ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഷഹ്ബാസ് ഷെരീഫ്
ഇസ്‌ലാമാബാദ്: സിന്ധു നദീജല കരാര്‍ പ്രകാരം പാക്കിസ്ഥാനുള്ള ജലലഭ്യത തടയാന്‍ ഇന്ത്യ നടത്തുന്ന ഏത് ശ്രമവും തിരിച്ചടി ക്ഷണിച്ചുവരുത്തുമെന്നു പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ജലം രാജ്യത്തിന്‍റെ 'ജീവനാഡി'യാണെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്‌ട്ര യുവജന ദിനത്തോടനുബന്ധിച്ച് ഇസ്‌ലാമാബാദില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെയാണു ഷെരീഫ് ഇക്കാര്യം പറഞ്ഞത്. 2025 ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ പാക് പിന്തുണയുള്ള ഭീകരസംഘടന ആക്രമണം നടത്തിയതിനെ തുടര്‍ന്നാണ് ഇന്ത്യ സിന്ധു നദീജല കരാര്‍ മരവിപ്പിച്ചത്. ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടിരുന്നു.
സിന്ധു നദീജല കരാറിലെ നിലപാടില്‍ മാറ്റമില്ലെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച വ്യക്തമാക്കി. പാക്കിസ്ഥാനിലേക്കുള്ള ജലം തടയുന്ന ഏത് ശ്രമത്തോടും ശക്തമായി പ്രതികരിക്കുമെന്ന പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്‍റെ മുന്നറിയിപ്പിനോട് പ്രതികരിക്കുകയായിരുന്നു ഇന്ത്യ. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിന്‍റെ കാര്യത്തില്‍ പാക്കിസ്ഥാന്‍ സ്വീകരിക്കുന്ന നടപടികളെ ആശ്രയിച്ചാണു സിന്ധു നദീജല കരാറിന്‍റെ ഭാവിയെന്നും ഇന്ത്യ പറഞ്ഞു.