യോഗി ആദിത‍്യനാഥ്

 
India

യുപിയിലെ വോട്ടർപട്ടികയിൽ 1.27 കോടി ഹിന്ദുക്കളുടെ പേരുകളില്ല: യോഗി ആദിത്യനാഥ്

വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയായ (എസ്ഐആർ) നടപടികളിൽ ജാഗ്രത പാലിക്കണമെന്ന് ബിജെപി പ്രവർത്തകരോട് അദ്ദേഹം ആവശ്യപ്പെട്ടു

Sarath Nath MS

ലഖ്‌നൗ: ഉത്തർപ്രദേശിലെ വോട്ടർപട്ടികയിൽ നിന്ന് 1.27 കോടി ഹിന്ദുക്കളുടെ പേരുകൾ കാണാനില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയായ (എസ്ഐആർ) നടപടികളിൽ ജാഗ്രത പാലിക്കണമെന്ന് ബിജെപി പ്രവർത്തകരോട് അദ്ദേഹം ആവശ്യപ്പെട്ടു. അർഹരായ എല്ലാ വോട്ടർമാരുടെയും പേരുകൾ പട്ടികയിൽ ഉൾപ്പെടുത്തിയെന്ന് ഉറപ്പാക്കണമെന്നും യോഗി നിർദേശിച്ചു.

വെള്ളിയാഴ്ച ചേർന്ന ബിജെപി സംസ്ഥാന പ്രവർത്തക സമിതി യോഗത്തിലാണ് യോഗി ഇക്കാര്യം ഉന്നയിച്ചത്. ഉത്തർപ്രദേശിൽ ജനസംഖ്യാ കണക്കുകൾ പ്രകാരം 16 കോടിയിലധികം വോട്ടർമാർ വേണ്ടിടത്ത് നിലവിൽ ഏകദേശം 13 കോടി പേർ മാത്രമാണ് വോട്ടർപട്ടികയിലുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വോട്ടർപട്ടികയിൽ നിന്നുള്ള പേരുകളുടെ കുറവ് 28 നഗര തദ്ദേശ സ്വയംഭരണ മണ്ഡലങ്ങളിൽ പാർട്ടിയുടെ നിലയെ ദുർബലപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.

പഞ്ചായത്ത് വോട്ടർപട്ടികയിൽ പേരുള്ള 66 ലക്ഷം ആളുകളുടെ പേരുകൾ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടർപട്ടികയിൽ ഇല്ലെന്നാണ് യോഗിയുടെ മറ്റൊരു ആരോപണം. സർക്കാർ ക്ഷേമപദ്ധതികളുടെ 55 ലക്ഷം ഗുണഭോക്താക്കളുടെ പേരുകളും വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. 18നും 19നും ഇടയിൽ പ്രായമുള്ള ഏകദേശം 4.5 ലക്ഷം യുവാക്കളുടെ പേരുകളും പട്ടികയിൽ നിന്ന് വിട്ടുപോയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മുൻ എസ്ഐആർ നടപടിക്കിടെ സംസ്ഥാനത്തെ വോട്ടർപട്ടികയിൽ പുതുതായി ചേർക്കപ്പെട്ടത് നാല് ലക്ഷം പേർ മാത്രമാണെന്നതിലും യോഗി ആശങ്ക പ്രകടിപ്പിച്ചു.

ബൂത്ത് ലെവൽ ഓഫീസർമാരുമായി (ബിഎൽഒ) സഹകരിച്ച് അർഹരായ വോട്ടർമാരുടെ പേരുകൾ പട്ടികയിൽ ഉൾപ്പെടുത്താൻ ബിജെപി പ്രവർത്തകർ രംഗത്തിറങ്ങണമെന്ന് അദ്ദേഹം നിർദേശിച്ചു. നടപടികളുടെ പുരോഗതി കൃത്യമായി വിലയിരുത്തണമെന്നും ആവശ്യപ്പെട്ടു. എംപിമാർ, എംഎൽഎമാർ, പാർട്ടി ഭാരവാഹികൾ എന്നിവർക്കും ഹിന്ദു വോട്ടർമാരുടെ പേരുകൾ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കാനുള്ള ചുമതല നൽകിയിട്ടുണ്ട്.

അതേസമയം, എസ്ഐആർ നടപടികൾക്കുശേഷം ഉത്തർപ്രദേശിലെ വോട്ടർപട്ടികയിൽ നിന്ന് 2.04 കോടിയിലധികം പേരുകളാണ് നീക്കം ചെയ്തത്. നഗരപ്രദേശങ്ങളിലാണ് കൂടുതൽ പേരുകൾ ഒഴിവാക്കപ്പെട്ടത്. ഇതിൽ സ്ത്രീ വോട്ടർമാരുടെ അനുപാതവും കൂടുതലായിരുന്നു. 84 ലക്ഷത്തിലധികം പുതിയ വോട്ടർമാരെ പട്ടികയിൽ ഉൾപ്പെടുത്തിയതോടെ ആകെ വോട്ടർമാരുടെ എണ്ണം 13,39,84,792 ആയി ഉയർന്നതായി തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

ഇതാദ്യമായല്ല വോട്ടർപട്ടികയിൽ നിന്ന് ഹിന്ദുക്കളുടെ പേരുകൾ കാണാനില്ലെന്ന് യോഗി ആദിത്യനാഥ് ഉന്നയിക്കുന്നത്. മുൻകാലത്തും സമാന കാര്യം ഉന്നയിച്ച യോഗി ഹിന്ദുക്കളുടെ പേരുകൾ വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് ബിജെപി പ്രവർത്തകരോട് ആവശ്യപ്പെട്ടിരുന്നു.