കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് 14കാരൻ; അഗ്നിവീറുകളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ വിൽക്കാൻ ശ്രമിച്ചു

 
India

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് 14കാരൻ; അഗ്നിവീറുകളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ വിൽക്കാൻ ശ്രമിച്ചു

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) ടൂളുകളുടെ സഹായത്തോടെയാണ് വിദ്യാർഥി വെബ്സൈറ്റിലെ സുരക്ഷാ പിഴവുകൾ കണ്ടെത്തി വിവരങ്ങൾ ശേഖരിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നത്

Sarath Nath MS

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റിൽ അനധികൃതമായി പ്രവേശിച്ച് വിവരങ്ങൾ ചോർത്തിയെന്ന് ആരോപിച്ച് 14 വയസുകാരനെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. ഹരിയാനയിലെ ബല്ലഭ്ഗഢ് സ്വദേശിയായ വിദ്യാർഥിയാണ് പിടിയിലായത്. അഗ്നിവീർ വിഭാഗത്തിൽപ്പെട്ട 2,500-ലധികം പേരുടെ വിവരങ്ങളും വെബ്സൈറ്റിന്‍റെ അഡ്മിനിസ്ട്രേറ്റർ ആക്സസും 500 ഡോളറിന് (ഏകദേശം 45,000 രൂപ) ഡാർക്ക് വെബിലൂടെ വിൽക്കാൻ ശ്രമിച്ചെന്നാണ് ആരോപണം.

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) ടൂളുകളുടെ സഹായത്തോടെയാണ് വിദ്യാർഥി വെബ്സൈറ്റിലെ സുരക്ഷാ പിഴവുകൾ കണ്ടെത്തി വിവരങ്ങൾ ശേഖരിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നത്. സെപ്റ്റംബറിൽ ഡൽഹി പൊലീസിന്‍റെ ഇന്‍റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ് (ഐഎഫ്എസ്ഒ) വിഭാഗത്തിന്‍റെ ശ്രദ്ധയിൽ ഡാർക്ക് വെബിലെ വിൽപ്പന പരസ്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. പരസ്യത്തിൽ നൽകിയിരുന്ന ടെലിഗ്രാം ഐഡി കേന്ദ്രീകരിച്ചാണ് വിദ്യാർഥിയെ കണ്ടെത്തിയത്. വിദ്യാർഥിയെ ചോദ്യം ചെയ്തശേഷം കുടുംബത്തിന് കൈമാറി. സ്വകാര്യ സ്കൂളിലാണ് വിദ്യാർഥി പഠിക്കുന്നത്.

അഗ്നിവീർ വിവരങ്ങൾ ഉൾപ്പെടെ 2,500-ലധികം പേരുടെ രേഖകൾ കൈവശമുണ്ടെന്നും വെബ്സൈറ്റിന്‍റെ അഡ്മിനിസ്ട്രേറ്റർ സംവിധാനത്തിലേക്കുള്ള പ്രവേശനവും നൽകാമെന്നും പരസ്യത്തിൽ അവകാശപ്പെട്ടിരുന്നു. എന്നാൽ വിവരങ്ങൾ വിൽക്കാനുള്ള ശ്രമം മാത്രമാണ് നടന്നതെന്നും ഇടപാട് പൂർത്തിയായിട്ടില്ലെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

അതേസമയം, യഥാർഥത്തിൽ മന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ, വിദ്യാർഥിയുടെ കൈവശമുള്ള വിവരങ്ങൾ ഔദ്യോഗിക രേഖകളുമായി പൊരുത്തപ്പെടുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല. വിവരങ്ങളുടെ ആധികാരികത പരിശോധിക്കുന്നതിനായി ഡൽഹി പൊലീസ് ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. ഐടി നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.