സാരിയുടുത്ത് എകെ 47 തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുന്ന ഐപിഎസ് ഉദ്യോഗസ്ഥയായ അങ്കിത ശർമ

 
India

ഛത്തീസ്ഗഢിൽ ദസറയ്ക്ക് എകെ 47 ഉപയോഗിച്ച് ആകാശത്തേക്ക് വെടിവച്ച് വനിതാ ഐപിഎസ് ഉദ്യോഗസ്ഥ; വിവാദം

രാജ്നന്ദ്ഗാവ് പൊലീസ് സൂപ്രണ്ട് അങ്കിത ശർമയാണ് വെടിയുതിർത്തത്

Sarath Nath MS

റായ്പുർ: ഛത്തീസ്ഗഢിലെ രാജ്നന്ദ്ഗാവിൽ ദസറയോടനുബന്ധിച്ചുള്ള ആയുധപൂജാ ചടങ്ങിനിടെ മുതിർന്ന വനിതാ ഐപിഎസ് ഉദ്യോഗസ്ഥ എകെ 47 തോക്കുപയോഗിച്ച് ആകാശത്തേക്ക് വെടിയുതിർക്കുന്ന ദൃശ്യങ്ങൾ വൈറലായതോടെ വിവാദം. രാജ്നന്ദ്ഗാവ് പൊലീസ് സൂപ്രണ്ട് അങ്കിത ശർമയാണ് വെടിയുതിർത്തത്.

ഒരു ആചാരത്തിന്‍റെ ഭാഗമായാണ് ഉദ്യോഗസ്ഥ വെടിവച്ചതെന്ന് ചിലർ സാമൂഹിക മാധ്യമങ്ങളിൽ ന്യായീകരിച്ചപ്പോൾ ആയുധം കൈകാര്യം ചെയ്ത രീതിയെ മറ്റുചിലർ വിമർശിച്ചു.

വിജയദശമിയോടനുബന്ധിച്ച് ചൊവ്വാഴ്ച രാജ്നന്ദ്ഗാവ് പൊലീസ് ലൈനിൽ പരമ്പരാഗത 'ശസ്ത്രപൂജ' ചടങ്ങ് നടത്തിയിരുന്നു. ഈ ചടങ്ങിൽ സാരിയുടുത്ത അങ്കിത ശർമ എകെ 47 ഉപയോഗിച്ച് നിരവധി തവണ വെടിയുതിർക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇതിന്‍റെ വീഡിയോ വൈറലായതോടെ വിവാദം ഉടലെടുക്കുകയായിരുന്നു.

സംഭവം ഗൗരവമായി പരിഗണിക്കുമെന്ന് ഉപമുഖ്യമന്ത്രി അരുൺ സാവോ പറഞ്ഞു. വെടിവയ്പ്പ് സുരക്ഷിതമായ സ്ഥലത്ത് മതിയായ മുൻകരുതലുകളോടെയേ നടത്താവൂവെന്ന് വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ ആർ.കെ. വിജ് പറഞ്ഞു. ആയുധപൂജയുടെ അടിസ്ഥാന ലക്ഷ്യം ആയുധങ്ങളെ ആരാധിക്കുകയാണെന്നും വെടിയുതിർക്കുകയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം വെടിവയ്പ്പുകൾ അപകടസാധ്യത സൃഷ്ടിക്കുന്നതിനാൽ ഒഴിവാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ശസ്ത്രപൂജയുടെ ഭാഗമായി ശബ്ദമുണ്ടാക്കുന്ന ഒഴിഞ്ഞ വെടിയുണ്ടകളാണ് ഉപയോഗിക്കുന്നതെന്നും യഥാർഥ വെടിയുണ്ടകൾ ഉപയോഗിക്കാറില്ലെന്നും ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ ആകാശത്തേക്ക് വെടിവച്ചാലും വെടിയുണ്ട തിരികെ താഴേക്കു പതിക്കുമെന്നും സമീപത്തുള്ളവർക്ക് പരുക്കേൽക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വെടിവയ്പ്പിന്‍റെ ദൃശ്യങ്ങളിൽ ആയുധം കൈകാര്യം ചെയ്ത രീതിയെ മുൻ ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥൻ കെ.ജെ.എസ്. ധില്ലൻ വിമർശിച്ചു. നിറച്ച ആയുധം അപകടകരമായ രീതിയിൽ കൈകാര്യം ചെയ്തെന്നും സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചെന്നും അദ്ദേഹം സാമൂഹിക മാധ്യമത്തിൽ കുറിച്ചു. ശരിയായ വേഷത്തിലല്ലാതെ ആയുധം കൈകാര്യം ചെയ്തതും ഉത്തരവാദിത്വരഹിതമായ നടപടിയാണെന്നും അദ്ദേഹം വിമർശിച്ചു.

അതേസമയം, ആയുധം കൈകാര്യം ചെയ്തതിൽ പിഴവുകളുണ്ടെങ്കിൽ തിരുത്തുകയാണ് വേണ്ടതെന്നും അതിന്‍റെ പേരിൽ ഉദ്യോഗസ്ഥയുടെ ഔദ്യോഗിക പ്രവർത്തനങ്ങളെ വിലകുറച്ചുകാണരുതെന്നും ചിലർ അഭിപ്രായപ്പെട്ടു. പരിശീലനം ലഭിച്ച ഐപിഎസ് ഉദ്യോഗസ്ഥയാണ് അങ്കിത ശർമയെന്നും സാരിയുടുത്ത് വെടിവച്ചതിനെച്ചൊല്ലിയുള്ള വിമർശനങ്ങളിൽ ലിംഗപരമായ സമീപനവും ഉണ്ടെന്നും ചിലർ വാദിച്ചു.