സിദ്ധാരാമയ്യ
ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി സിദ്ധാരാമയ്യയെ ലക്ഷ്യംവച്ച് സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് സൈബർ ക്രൈം പൊലീസ് രണ്ടു പേർക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തന്റെ പ്രശസ്തി തകർക്കാൻ വേണ്ടി ദുരുദ്ദേശത്തോടെയാണ് സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിപ്പിച്ചെന്ന് സിദ്ധാരാമയ്യ ആരോപിച്ചതിനു തൊട്ടുപിന്നാലെയാണ് സൈബർ ക്രൈം പൊലീസിന്റെ നടപടി.
ഇത്തരത്തിൽ ഉള്ളടക്കം പങ്കുവച്ച അക്കൗണ്ടുകൾ കേന്ദ്രീകരിച്ചും അതിനു പിന്നിലുള്ളവരെ തിരിച്ചറിയാനും പൊലീസ് അന്വേഷണം നടത്തിവരുകയായിരുന്നു. ബെംഗളൂരു പൊലീസ് കമ്മിഷണർ സീമന്ത് കുമാർ സിങ്ങിന് സിദ്ധാരാമയ്യ ഇത് സംബന്ധിച്ച് പരാതി നൽകിയിരുന്നു. സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ വിവരങ്ങൾ സഹിതമായിരുന്നു പരാതി. നിലവിൽ പൊലീസ് കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തു വരുകയാണ്.