ഹർമീത് സിങ് പത്താൻമജ്‌റ, ചേതൻ സിങ് ജോറമജ്‌റ
ചണ്ഡിഗഢ്: 2027 ൽ പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആംആദ്മി പാർട്ടിക്ക് തിരിച്ചടി. 2 ആംആദ്മി എംഎൽഎമാർ രാജിവച്ചു. കഴിഞ്ഞ ദിവസമാണ് പാർട്ടി ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ടത്. ഇതിനു പിന്നാലെയാണ് രാജി. സനൗറിൽ നിന്നുള്ള ഹർമീത് സിങ് പത്താൻമജ്‌റ, സമാനയിൽ നിന്നുള്ള ചേതൻ സിങ് ജോറമജ്‌റ എന്നിവരാണ് രാജിസമർപ്പിച്ചത്.
പ്രളയവുമായി ബന്ധപ്പെട്ട ആരോപണവും ക്രിമിനൽ കേസുകളുമടക്കമുള്ള വിവിധ വിഷയങ്ങളിൽ പാഠാൻമജ്‌റ പാർട്ടി നേതൃത്വവുമായി ദീർഘകാലമായി ഏറ്റുമുട്ടലിലായിരുന്നു. ഇതിനിടയിൽ ജോരമജ്‌റയുടെ രാജിയും പാർട്ടിയിലെ വർധിച്ചുവരുന്ന അതൃപ്തിയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തിയിരിക്കുകയാണ്.
പഞ്ചാബ് മുൻ മന്ത്രിയാണ് ജോറമജ്‌റ, നിയമസഭയിൽ സമാന മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഈ വർഷം മെയ് മാസത്തിൽ ശിരോമണി അകാലി ദൾ മുൻ നേതാവ് സുർജിത് സിംഗ് രാഖ്ര ആം ആദ്മി പാർട്ടിയിൽ (AAP) ചേരുകയും, തുടർന്ന് സമാനയിലെ പാർട്ടി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അദ്ദേഹത്തിന് ഒരു പ്രധാന ചുമതല നൽകുകയും ചെയ്തതോടെ, പാർട്ടിയിൽ ജോറമജ്‌റയുടെ സ്ഥാനം ചർച്ചാവിഷയമായി. പ്രാദേശിക എം.എൽ.എയെ തഴയുന്ന നീക്കമായാണ് ഇത് വ്യാപകമായി വിലയിരുത്തപ്പെടുന്നത്.
ശനിയാഴ്ചയാണ് ആംആദ്മി 40 പേരടങ്ങുന്ന ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ടത്. സിറ്റിങ് എംഎൽഎമാരാണ് 40 പേരും. മുഖ്യമന്ത്രി ഭഗവന്ത് മൻ ധുരിയിൽനിന്നാണ് മത്സരിക്കുന്നത്. ജയിലിൽ കഴിയുന്ന എം.എൽ.എ സഞ്ജീവ് അറോറക്ക് ലുധിയാന വെസ്റ്റിൽ വീണ്ടും സീറ്റ് നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ഏകദേശം നാല് മാസം മുമ്പുതന്നെ സ്ഥാനാർഥികളെ രംഗത്തിറക്കി പോരാട്ടം ശക്തമാക്കാനാണ് പാർട്ടി നീക്കം. ഇതിനിടെയാണ് തിരിച്ചടിയായി എംഎൽഎമാരുടെ രാജി.