കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ

 
India

2027-28 ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ചേക്കും; പ്രീ-ബജറ്റ് ചർച്ച ഒക്റ്റോബർ 12 മുതൽ

മൂന്നാം മോദി സർക്കാരിന്‍റെ നാലാമത്തെ ബജറ്റായിരിക്കും ഇത്

Sarath Nath MS

ന്യൂഡൽഹി: കേന്ദ്ര ബജറ്റ് 2027-28ന്‍റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ധനമന്ത്രാലയം ഒക്റ്റോബർ 12 മുതൽ ഒരു മാസം നീളുന്ന പ്രീ-ബജറ്റ് ചർച്ചകൾ ആരംഭിക്കും. 2026-27ലെ പുതുക്കിയ എസ്റ്റിമേറ്റ്, 2027-28ലെ ബജറ്റ് എസ്റ്റിമേറ്റ് എന്നിവ സംബന്ധിച്ച ഗ്രാന്‍റുകളും വിനിയോഗങ്ങളും അന്തിമമാക്കുന്നതിനായാണ് ചർച്ചകൾ. ധനവകുപ്പ് സെക്രട്ടറിയുടെ അധ്യക്ഷതയിലാണ് ചർച്ച നടക്കുക.

എല്ലാ മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും കൈമാറിയ അറിയിപ്പിനൊപ്പം ചർച്ചകളുടെ സമയക്രമവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവിധ സാഹചര്യങ്ങൾ പരിഗണിച്ചാണ് സമയക്രമം തയ്യാറാക്കിയതെന്നും നേരത്തെ തന്നെ മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും കൈമാറുകയാണെന്നും അറിയിപ്പിൽ പറയുന്നു. ആവശ്യമായ വിവരങ്ങൾ ഒക്റ്റോബർ ആറിനകം സമർപ്പിക്കാൻ മന്ത്രാലയങ്ങളും വകുപ്പുകളും നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. നവംബർ 13 വരെ ചർച്ചകൾ തുടരും.

പ്രീ-ബജറ്റ് ചർച്ചകൾ പൂർത്തിയായതിന് ശേഷം 2027-28ലെ ബജറ്റ് എസ്റ്റിമേറ്റുകൾ താത്ക്കാലികമായി അന്തിമമാക്കും. 2027-28ലെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനാണ് സാധ്യത.

മൂന്നാം മോദി സർക്കാരിന്‍റെ നാലാമത്തെ ബജറ്റായിരിക്കും ഇത്. ധനമന്ത്രി നിർമല സീതാരാമൻ തുടർച്ചയായി അവതരിപ്പിക്കുന്ന പത്താമത്തെ ബജറ്റുമാകും ഇത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ അപൂർവമായ നേട്ടമാണിത്.

പശ്ചിമേഷ്യയിൽ തുടരുന്ന പ്രതിസന്ധി ആഗോള വിതരണ ശൃംഖലയെ ബാധിക്കുകയും ക്രൂഡ് ഓയിൽ വില ഉയർന്നുനിൽക്കുകയും ആഗോള വളർച്ചയിൽ മന്ദഗതി തുടരുകയും ചെയ്യുന്ന സാഹചര്യത്തിലായിരിക്കും അടുത്ത സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിക്കുക.

അതേസമയം, നടപ്പു സാമ്പത്തിക വർഷത്തിൽ ആഭ്യന്തര വളർച്ച ശക്തമായി ഏകദേശം ഏഴ് ശതമാനമായി തുടരുമെന്നാണ് പ്രതീക്ഷ. 2026-27 സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിൽ ഇന്ത്യ 7.8 ശതമാനം വളർച്ച രേഖപ്പെടുത്തിയിരുന്നു. വലിയ സമ്പദ്‌വ്യവസ്ഥകളിൽ ഏറ്റവും വേഗമേറിയ വളർച്ചയായിരുന്നു ഇത്.

സാമ്പത്തിക വളർച്ച കൂടുതൽ വേഗത്തിലാക്കുന്നതിനുള്ള പരിഷ്‌കരണ നടപടികൾ തുടർന്നും നടപ്പാക്കുന്നതിനൊപ്പം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ആഭ്യന്തര ആവശ്യകത വർധിപ്പിക്കുന്നതിനുമുള്ള നടപടികൾക്ക് അടുത്ത സാമ്പത്തിക വർഷത്തെ ബജറ്റിൽ ഊന്നൽ ലഭിക്കുമെന്നാണ് പ്രതീക്ഷ.

സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

കൈക്കൂലി കേസിൽ പിണറായിക്കും റിയാസിനുമെതിരേ അന്വേഷണം; എസ്ഐടി രൂപീകരിച്ചു

യുപിയിൽ അനധികൃത ആയുധ നിർമാണ കേന്ദ്രത്തിൽ നിന്ന് 16 തോക്കുകൾ പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ ജയിലിൽ അടയ്ക്കണം; ബാലറ്റ് പേപ്പർ ഉപയോഗിച്ച് വീണ്ടും വോട്ടെടുപ്പ് നടത്തണം: ഉദ്ധവ് താക്കറെ

ഡൽഹി വിമാനത്താവളത്തിൽ ചന്ദനമരവുമായി അഫ്ഗാൻ പൗരൻ പിടിയിൽ