പഞ്ചാബ് ആം ആദ്മിയിൽ വീണ്ടും രാജി; സ്ഥാനമൊഴിഞ്ഞ 3 എംഎൽഎമാരും ബിജെപിയിൽ ചേർന്നു

 
India

പഞ്ചാബ് ആം ആദ്മിയിൽ വീണ്ടും രാജി; സ്ഥാനമൊഴിഞ്ഞ 3 എംഎൽഎമാരും ബിജെപിയിൽ ചേർന്നു

ശനിയാഴ്ചയാണ് ആംആദ്മി 40 പേരടങ്ങുന്ന ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ടത്

Namitha Mohanan

ചണ്ഡിഗഢ്: പാർട്ടിയിൽ നിന്ന് സസ്പെൻഷനിലായിരുന്ന എഎപി എംഎൽഎയും മുൻ ഐപിഎസ് ഉദ്യോഗസ്ഥനുമായ കുൻവർ വിജയ് പ്രതാപ് സിങ് എംഎൽഎ സ്ഥാനം രാജിവച്ചു. പിന്നാലെ അദ്ദേഹം ബിജെപിയിൽ ചേർന്നു.

ഞായറാഴ്ച പാർട്ടി വിട്ട, സസ്പെൻഷനിലായിരുന്ന മറ്റ് രണ്ട് എംഎൽഎമാരും ബിജെപിയിൽ ചേർ‌ന്നു. സനൗറിൽ നിന്നുള്ള ഹർമീത് സിങ് പത്താൻമജ്‌റ, സമാനയിൽ നിന്നുള്ള ചേതൻ സിങ് ജോറമജ്‌റ എന്നിവരാണ് ബിജെപിയിൽ ചേർന്നത്.

പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളെതുടർന്ന് ഈ മൂന്ന് എംഎൽഎമാർക്കെതിരേ എഎപി മുൻപ് നടപടിയെടുത്തിരുന്നു. 2027 ൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് എഎപിക്ക് തിരിച്ചടി നേരിടുന്നത്. സ്ഥാനാർഥി പട്ടിക പുറത്തുവിട്ടതിനു പിന്നാലെയാണ് എംഎൽഎമാരുടെ രാജി.

ശനിയാഴ്ചയാണ് ആംആദ്മി 40 പേരടങ്ങുന്ന ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ടത്. സിറ്റിങ് എംഎൽഎമാരാണ് 40 പേരും. മുഖ്യമന്ത്രി ഭഗവന്ത് മൻ ധുരിയിൽനിന്നാണ് മത്സരിക്കുന്നത്. ജയിലിൽ കഴിയുന്ന എംഎൽഎ സഞ്ജീവ് അറോറക്ക് ലുധിയാന വെസ്റ്റിൽ വീണ്ടും സീറ്റ് നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ഏകദേശം നാല് മാസം മുമ്പുതന്നെ സ്ഥാനാർഥികളെ രംഗത്തിറക്കി പോരാട്ടം ശക്തമാക്കാനാണ് പാർട്ടി നീക്കം. ഇതിനിടെയാണ് തിരിച്ചടിയായി എംഎൽഎമാരുടെ രാജി.