പ്രതീകാത്മക ചിത്രം
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിൽ നെയ്യിൽ മായം ചേർത്തുവെന്ന സംശയത്തെ തുടർന്ന് നിർമാണ-പാക്കിങ് ഫാക്റ്ററി ഭക്ഷ്യസുരക്ഷാ വിഭാഗം സീൽ ചെയ്തു. ഫാക്റ്ററിയിൽ നിന്ന് ഏകദേശം 35,000 ലിറ്റർ നെയ്യും പിടിച്ചെടുത്തു. ചൊവ്വാഴ്ചയാണ് സംഭവം.
സംസ്ഥാന സർക്കാരിന്റെ ഭക്ഷ്യമായം തടയൽ കാമ്പയിന്റെ ഭാഗമായി ഹിമാലയ ഡയറി പ്രോഡക്റ്റസിന്റെ ഫാക്റ്ററിയിലാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തിയത്. രാജസ്ഥാൻ സാരസ്, ഡയറി ബ്രദേഴ്സ്, ശ്രീ കിരൺ സാരസ്, മട്ടുല, ചോയ്സ് ഡയറി, രഘു ശ്രീ, ഗണക് എന്നീ ഏഴ് ബ്രാൻഡുകളുടെ പേരിലാണ് ഫാക്റ്ററിയിൽ നെയ്യ് പാക്ക് ചെയ്തിരുന്നതെന്ന് അധികൃതർ കണ്ടെത്തി. 200 മില്ലി മുതൽ 15 ലിറ്റർ വരെയുള്ള പാക്കറ്റുകളിൽ നെയ്യ് സൂക്ഷിച്ചിരുന്നു. കൂടാതെ ആയിരക്കണക്കിന് ലിറ്റർ നെയ്യ് വലിയ സംഭരണ ടാങ്കുകളിലും കണ്ടെത്തി.
സംശയാസ്പദമായ ഒരു ഫ്ലേവറിങ് വസ്തുവും പരിശോധനയിൽ കണ്ടെത്തി. നെയ്യിന്റെയും സംശയാസ്പദമായ വസ്തുവിന്റെയും സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് അയച്ചു. നെയ്യിൽ കൃത്രിമ രുചിവർധക വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോയെന്നും മായം ചേർത്തിട്ടുണ്ടോയെന്നും അധികൃതർ പരിശോധിച്ചുവരികയാണ്. പരിശോധനയ്ക്കിടെ ഫാക്റ്ററിയിൽ ഭക്ഷ്യസുരക്ഷാ ലൈസൻസ് പ്രദർശിപ്പിച്ചിരുന്നില്ലെന്നും കണ്ടെത്തി. ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് നിർമാണ-പാക്കിങ് യൂണിറ്റുകൾ ഉൾപ്പെടെ ഫാക്റ്ററി മുഴുവനായി സീൽ ചെയ്തു.
ഇതിനുപുറമെ ചൊവ്വാഴ്ച പുലർച്ചെ ജില്ലയിൽ മൊറിജ, ചീത്വാഡി മേഖലകളിലെ നാല് ഡയറി യൂണിറ്റുകളിലും ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി. ശകർ ദുല മാവ പനീർ ഭണ്ഡാർ, എകെഡി എന്റർപ്രൈസസ്, എസ്ഡിഎസ് മാവ പനീർ എന്നീ സ്ഥാപനങ്ങളിൽ നിന്ന് പാലിന്റെ സാമ്പിളുകൾ ശേഖരിച്ച് ലബോറട്ടറി പരിശോധനയ്ക്ക് അയച്ചു.