മധ്യപ്രദേശിൽ ഹോട്ടലിലെ മാലിന്യ അറ വൃത്തിയാക്കുന്നതിനിടെ 4 തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു
ഭോപ്പാൽ: മധ്യപ്രദേശിലെ ഉജ്ജയിൻ നഗരത്തിലുള്ള ഒരു സ്വകാര്യ ഹോട്ടലിൽ, മാലിന്യ സംഭരണ അറ (waste chamber) വൃത്തിയാക്കുന്നതിനിടെ ശ്വാസംമുട്ടി നാലുപേർ മരിച്ചു. ശനിയാഴ്ച രാത്രി വൈകിയാണ് ഈ സംഭവം നടക്കുന്നത്. അപകടത്തിൽപെട്ട് ഉടനെ ഇവരെ രക്ഷിക്കാനായി 2 പേർ അറയ്ക്കുള്ളിലേക്ക് ഇറങ്ങിയെങ്കിലും അവർക്കും ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
ഉജ്ജയിൻ-ദേവാസ് റോഡിലുള്ള 'ശ്രീ ഗംഗ' ഹോട്ടലിൽ ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം നടന്നതെന്ന് അധികൃതർ അറിയിച്ചു. ശുചീകരണത്തിനായി ചേംബറിനുള്ളിൽ പ്രവേശിച്ച നാല് പേർ അവിടെ കുടുങ്ങിപ്പോവുകയായിരുന്നു. ശ്വാസംമുട്ടിയാണ് ഇവർ മരിച്ചതെന്ന് കരുതുന്നതായി ഉജ്ജയിൻ പൊലീസ് സൂപ്രണ്ട് പ്രദീപ് ശർമ പറഞ്ഞു.
പൊലീസ് ഉദ്യോഗസ്ഥർ ഇവരെ പുറത്തെടുത്ത് സിപിആർ നൽകാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്റ്റർമാർ മരണം സ്ഥിരീകരിച്ചു.
കമലേഷ് തംബോലി, നിതിൻ വാൽമിക്, മനോജ് മീണ, വാഹിദ് എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്. തൊഴിലാളികൾ മാലിന്യ അറ വൃത്തിയാക്കാൻ മനഃപൂർവം ഇറങ്ങിയതാണോ അതോ അബദ്ധത്തിൽ അതിലേക്ക് വീണതാണോ എന്നാണ് അന്വേഷണം.
സംഭവത്തിൽ മുഖ്യമന്ത്രി യാദവ് ദുഃഖം രേഖപ്പെടുത്തുകയും, മരിച്ച നാലുപേരുടെയും ബന്ധുക്കൾക്ക് സാമ്പത്തിക സഹായം പ്രഖ്യാപിക്കുകയും ചെയ്തു.