ബിജെപി തോറ്റതിനു പിന്നാലെ തെരുവു വിളക്കുകൾ അപ്രത്യക്ഷമായെന്ന് ആരോപണം

 
India

'തോൽപ്പിച്ചവർ വെളിച്ചത്ത് ഇരിക്കണ്ട'; ബിജെപി തോറ്റതിനു പിന്നാലെ തെരുവു വിളക്കുകൾ അപ്രത്യക്ഷമായെന്ന് ആരോപണം

ഗ്രാമത്തിൽ കഴിഞ്ഞ ഒക്റ്റോബർ 24ന് തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെയാണ് തെരുവു വിളക്കുകൾ സ്ഥാപിച്ചത്.

നീതു ചന്ദ്രൻ

ജയ്പുർ: രാജസ്ഥാനിലെ പഞ്ചായത്ത് സമിതി തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി പരാജയപ്പെട്ടതിനു പിന്നാലെ തെരുവു വിളക്കുകൾ എല്ലാം അപ്രത്യക്ഷമായെന്ന് ആരോപിച്ച് ഗ്രാമീണർ. ടോങ്ക് ജില്ലയിലെ പീപ്ലു പഞ്ചായത്ത് സമിതിയിലെ രണ്ടാം വാർഡിലേക്കാണ് തെരഞ്ഞെടുപ്പു നടന്നത്. ബിജെപി സ്ഥാനാർഥിയായ പ്രിയങ്ക ശർമ 751 വോട്ടുകൾക്ക് കോൺഗ്രസ് സ്ഥാനാർഥി ധന്ന ലാലിനോട് പരാജയപ്പെട്ടു. വെള്ളിയാഴ്ചയാണ് ഫലം വന്നത്. മണിക്കൂറുകൾക്കുള്ളിൽ ഗ്രാമത്തിൽ സ്ഥാപിച്ചിരുന്ന 50 തെരുവു വിളക്കുകൾ വൈദ്യുതി വകുപ്പ് ജീവനക്കാർ അഴിച്ചു കൊണ്ടു പോയെന്നാണ് ആരോപണം.

എന്നാൽ തെരുവുവിളക്കുകൾ അംഗീകാരമില്ലാതെയാണ് സ്ഥാപിച്ചിരുന്നതെന്നും വകുപ്പിന്‍റെ നയം പ്രകാരമാണ് അവ അഴിച്ചു മാറ്റിയതെന്നുമാണ് ഇലക്‌ട്രിസിറ്റി ഡിപ്പാർട്മെന്‍റ് അസിസ്റ്റന്‍റ് എൻജിനീയർ ഗോവർധൻ ചൗധരി പറയുന്നത്. രാത്രിയായാൽ പൂർണമായും ഇരുട്ടിലായിരുന്ന ഗ്രാമത്തിൽ കഴിഞ്ഞ ഒക്റ്റോബർ 24ന് തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെയാണ് തെരുവു വിളക്കുകൾ സ്ഥാപിച്ചത്.

നിവായ് മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎ റാം സഹായ് വർമയുടെ പേഴ്സണൽ അസിസ്റ്റന്‍റ് അലോക് ശർമയുടെ ഭാര്യയായിരുന്നു പഞ്ചായത്ത് സമിതിയിലേക്ക് മത്സരിച്ചിരുന്ന പ്രിയങ്ക. എന്നാൽ തെരുവു വിളക്കുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ താനോ തന്‍റെ പേഴ്സണൽ അസിസ്റ്റന്‍റോ അദ്ദേഹത്തിന്‍റെ ഭാര്യയോ ഇടപെട്ടിട്ടില്ലെന്നാണ് എംഎൽഎ പറയുന്നത്.