ഒരു കുപ്പി വെള്ളത്തിന് 50 രൂപ; പത്ത് വർഷത്തിനു ശേഷം 85,000 രൂപ പിഴ വിധിച്ച് ഉപഭോക്തൃ കോടതി
MV graphics
പറ്റ്ന: കുപ്പിവെള്ളം കൈയിൽ കരുതാൻ അനുവദിക്കാതിരിക്കുകയും അമിത വിലയ്ക്ക് വെള്ളം വിൽക്കുകയും ചെയ്തുവെന്ന പരാതിയിൽ സിനിപൊളിസ്, കൊക്കകോള എന്നീ കമ്പനികൾ 85,000 രൂപ പിഴ വിധിച്ച് പറ്റ്ന ഉപഭോക്തൃ കോടതി. പരാതി നൽകി പത്തു വർഷത്തിനു ശേഷമാണ് കേസിൽ ഉത്തരവുണ്ടാകുന്നത്. 2016ൽ ബിഹാറിലെ പറ്റ്നയിലുള്ള സിനിപൊളിസിൽ സിനിമ കാണാനെത്തിയ രജത് തീവാരിയാണ് പരാതി നൽകിയത്. പിങ്ക് എന്ന സിനിമ കാണാനെത്തിയപ്പോഴാണ് സംഭവം. കൈയിൽ കരുതിയ വെള്ളവുമായി തിയെറ്ററിൽ കയറാൻ സുരക്ഷാ ഉദ്യോഗസ്ഥർ അനുവദിച്ചില്ലെന്നും തിയെറ്ററിനകത്തു നിന്നും ഒരു കുപ്പി വെള്ളം വാങ്ങാനായി 50 രൂപ ഈടാക്കിയെന്നുമായിരുന്നു പരാതി.
തിയെറ്ററിനകത്ത് വെള്ളം വിൽക്കുന്നതിൽ ഇടപെടാറില്ല എന്നാണ് സിനിപൊളിസ് വ്യക്തമാക്കിയത്. എന്നാൽ ഈ വാദങ്ങളെയെല്ലാം കമ്മിഷൻ പ്രസിഡന്‍റ് പ്രേമരഞ്ജൻ മിശ്രയും കമ്മിഷൻ അംഗം രജനീഷ് കുമാറും ഉൾപ്പെടുന്ന ബെഞ്ച് തള്ളി. പുറത്തു നിന്നും വെള്ളം കരുതുന്നത് തടഞ്ഞതിലും അധിക വില ഈടാക്കിയതിനും ഇരു കമ്പനികളും ഉത്തരവാദികളാണെന്നാണ് കോടതി കണ്ടെത്തിയത്.
തീവാരിക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി 25,000 രൂപയും കോടതി ചെലവുകൾക്കായി 10,000 രൂപയും സംസ്ഥാന കൺസ്യൂമൽ വെൽഫെയർ ഫണ്ടിലേക്ക് 50,000 രൂപയും നൽകാനാണ് ഉത്തരവിട്ടിരിക്കുന്നത്. 45 ദിവസത്തിനകം പിഴയടക്കുന്നതിൽ വീഴ്ച വരുത്തിയാൽ പലിശ അടയ്ക്കേണ്ടി വരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.